ജയിലിൽ തണുപ്പെന്ന് ലാലു പ്രസാദ് യാദവ്; തബല വായിച്ചാൽ തണുപ്പു മാറുമെന്ന് ജഡ്ജി

single-img
5 January 2018

ലാലു പ്രസാദ് യാദവ്കാലിത്തീറ്റ കുംഭകോണ കേസിലെ കോടതിനടപടികൾക്കിടയിൽ ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവും ജഡ്ജിയും തമ്മിലുണ്ടായ സംഭാഷണങ്ങൾ കോടതിയ്ക്കുള്ളിൽ ചിരിയ്ക്ക് വഴിയൊരുക്കി. ജയിലിനുള്ളിൽ വലിയ തണുപ്പാണെന്ന് പരാതിപ്പെട്ട ലാലുവിനോട് തബലവായിക്കാനാണു ജഡ്ജ് പറഞ്ഞത്.

സിബിഐ പ്രത്യേക കോടതിയാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് നിരവധി ആളുകള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍, താന്‍ ആര്‍ക്കും വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റിസ് ശിവ്പാല്‍ സിങ് അറിയിച്ചിരുന്നു.

കോടതിവിധിയിന്മേൽ  നടക്കുന്ന ചർച്ചകളിൽ ലാലുവിന്റെ പാർട്ടിക്കാർ ജാതി ഒരു ഘടകമായി ഉപയോഗിക്കുന്ന കാര്യവും ജഡ്ജി ലാലുവിനെ ഓർമ്മിപ്പിച്ചു. എന്നാൽ ‘ സാർ , ഇത് ഇന്റർ കാസ്റ്റ് മാര്യേജിന്റെ യുഗമാണെ’ന്നായിരുന്നു ലാലു പ്രതികരിച്ചത്.

വിധിപ്രഖ്യാപനത്തിന്റെ തീയതി മാറ്റിവെയ്ക്കുന്നതിൽ എന്തെങ്കിലും പരാതിയുണ്ടോ എന്നു ചോദിച്ച ജഡ്ജിയോട് ലാലു പ്രതികരിച്ചതിങ്ങനെ- “ ഇല്ല സാർ, എപ്പോൾ വേണമെങ്കിലും ഞാൻ വരാം. സന്തോഷത്തോടെ വരാം. വീഡിയോ കോൺഫറൻസ് വഴി എന്നെ ഹാജരാക്കണമെന്ന് നിർദ്ദേശിക്കാതിരുന്നാൽ മതി.”