ഹജ്ജ് ഹൗസിനും കാവി നിറം: യോഗി സര്‍ക്കാര്‍ വിവാദത്തില്‍

single-img
5 January 2018

 

ഉത്തര്‍പ്രദേശ് സെക്രട്ടറിയേറ്റ് മന്ദിരത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സംസ്ഥാനത്തെ ബസുകള്‍ക്കും കാവി നിറം നല്‍കിയതിനു പിന്നാലെ ഹജ്ജ് ഹൗസിനും കാവി നിറം നല്‍കി യോഗി സര്‍ക്കാര്‍ വിവാദത്തിലായി. ഹജ്ജ് ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തെ മുസ്ലീം വിശ്വാസികള്‍ ആശ്രയിക്കുന്ന ആസ്ഥാന കേന്ദ്രത്തിന്റെ പുറം മതിലിലാണ് ബിജെപി സര്‍ക്കാര്‍ തന്നിഷ്ടപ്രകാരം പെയിന്റടിച്ചത്.

സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. വ്യാഴാഴ്ച അര്‍ധ രാത്രിയാണ് ഹജ്ജ് ഹൗസിന് കാവി നിറം അടിച്ചത്. വെള്ളിയാഴ്ച ഹജ്ജ് ഹൗസിന് അവധിയായതിനാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് യോഗിയുടെ പുതിയ നീക്കമെന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. അതേസമയം, ഹജ്ജ് ഹൗസിന്റെ നിറം മാറ്റത്തെ അനുകൂലിച്ച് ഹജ്ജ് മന്ത്രി മൊഹ്‌സിന്‍ റാസ രംഗത്തെത്തി. ഇതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. കാവി ആകര്‍ഷകമായ നിറമാണ്. ഹജ്ജ് ഹൗസ് കൂടുതല്‍ സുന്ദരമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.