യുവാവിനെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു: ദൃശ്യങ്ങള്‍ പുറത്ത്

single-img
5 January 2018

https://www.youtube.com/watch?v=CO3ezh6bUqs

പട്‌ന: നിര്‍ബന്ധിച്ചും ബലംപ്രയോഗിച്ചും വിവാഹം കഴിപ്പിച്ചു എന്ന പരാതി കേട്ടിട്ടുണ്ടാവാം. പക്ഷേ തോക്കിന്‍മുനയില്‍ നിര്‍ത്തി താലികെട്ടിക്കുക എന്ന അപൂര്‍വ സംഭവമാണ് ബിഹാറില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. ജാര്‍ഖണ്ഡ് സ്വദേശി വിനോദ് കുമാര്‍ എന്ന യുവ എന്‍ജിനിയറാണ് നിര്‍ബന്ധിത വിവാഹത്തിന് വിധേയനായത്.

പ്രദേശത്തെ സ്റ്റീല്‍ പ്ലാന്റിലാണ് വിനോദ് കുമാര്‍ ജോലി ചെയ്യുന്നത്. സുഹൃത്തുക്കള്‍ ക്ഷണിച്ചതനുസരിച്ച് അവരെ കാണാനെത്തിയ വിനോദിനെ രണ്ടുപേര്‍ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി. പിന്നീട് വിവാഹമണ്ഡപത്തിലെത്തിച്ച് സമീപമിരുന്ന യുവതിയെ വിവാഹം കഴിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

വിവാഹചടങ്ങുകള്‍ നടക്കുമ്പോള്‍ കരഞ്ഞുകൊണ്ട് സഹായത്തിന് കേഴുന്ന വരനേയാണ് വീഡിയോയില്‍ കാണുന്നത്. താലി ചാര്‍ത്താന്‍ വിമുഖ കാട്ടുന്ന ഘട്ടത്തില്‍ ഇയാളെ മര്‍ദിക്കുന്നുമുണ്ട് വീഡിയോയില്‍. ‘നിങ്ങളെ തൂക്കികൊല്ലുകയല്ലല്ലോ, നിങ്ങളുടെ വിവാഹം ആശിര്‍വദിക്കുകയല്ലേ, എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് വധുവിന്റെ ബന്ധുക്കള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

വിവാഹത്തിന് സമ്മതിക്കാതിരുന്ന യുവാവിനു നേരെ ക്രൂര പീഡനമാണ് നടന്നിരുന്നത്. തുടര്‍ന്ന് തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചത്. വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചതോടെയാണ് സംഭവം യുവാവിന്റെ ബന്ധുക്കള്‍ അറിയുന്നത്.

തുടര്‍ന്ന് സഹോദരന്‍ പൊലീസിനെ ബന്ധപ്പെടുകയും തടങ്കലിലായിരുന്ന യുവാവിനെ മോചിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ‘പകഡ്‌വാ ഷാദി’ എന്നറിയപ്പെടുന്ന വിവാഹമാണിത്.

പെണ്‍മക്കളുടെ വിവാഹം നടത്താന്‍ മാതാപിതാക്കളുടെ പക്കല്‍ പണമില്ലാതെ വരുമ്പോള്‍ യുവാക്കളെ തട്ടിക്കൊണ്ടു പോയി ബല പ്രയോഗത്തിലൂടെ അവരെ വിവാഹം കഴിപ്പിക്കും. ഇന്ത്യയിലെ ചില കുഗ്രാമങ്ങളില്‍ ഇത്തരം പ്രവണതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.