നയാഗ്ര ഇപ്പോൾ വെള്ള’ച്ചാട്ട’മല്ല; തണുത്തുറഞ്ഞ് ഐസായ നയാഗ്ര കാണാൻ സഞ്ചാരികളുടെ പ്രവാഹം

single-img
5 January 2018

നയാഗ്രശൈത്യകാലമായതോടെ അമേരിക്കയുടേയും കാനഡയുടേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞിരിക്കുകയാണു. തണുത്തുറഞ്ഞ് ഐസായി മാറിയ വെള്ളച്ചാട്ടം കാണാൻ ഇവിടേയ്ക്ക് സഞ്ചാരികൾ ഒഴുകുകയാണെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഉയർന്ന നിരക്കിൽ ജലപ്രവാഹമുള്ള വെള്ളച്ചാട്ടങ്ങളിലൊന്നാണു നയാഗ്ര. മൂന്നു വെള്ളച്ചാട്ടങ്ങളെ ചേർത്താണു നയാഗ്ര എന്നു വിളിക്കുന്നതെങ്കിലും അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിലുള്ള ഹോഴ്സ് ഷൂ വെള്ളച്ചാട്ടമാണു കൂട്ടത്തിൽ ഏറ്റവും വലുതും മനോഹരവും. ഇതിലൂടെ ഒരുമിനിട്ടിൽ അറുപതുലക്ഷം ക്യുബിക് അടി വെള്ളമാണു ഒഴുകിവീഴുന്നത്. എന്നാൽ ഇത്രയും ശക്തിയായി ഒഴുകുന്ന ജലപ്രവാഹമാണു അതിശൈത്യം മൂലം തണുത്തുറഞ്ഞുപോയത്.

ഒരുവർഷം ശരാശരി ഒരുകോടി നാൽപ്പതുലക്ഷം സഞ്ചാരികളാണു നയാഗ്ര കാണാനെത്തുന്നത്. അതിൽ കൂറ്റുതൽ ആളുകളും വേനൽക്കാലത്താണു എത്താറുള്ളത്. ശൈത്യകാലത്ത് പൊതുവേ ഇവിടെ സന്ദർശകർ കുറവാണു. എന്നാൽ ഈ വർഷം ശൈത്യകാലത്ത് സന്ദർശകരുടെ അഭൂതപൂർവ്വമായ തിരക്കാണു ഇവിടെ അനുഭവപ്പെടുന്നത്. മൈനസ് 14 ഡിഗ്രി താപനിലയിൽ വെള്ളച്ചാട്ടം തണുത്തുറഞ്ഞ കാഴ്ച്ച കാണുവാനാണു സന്ദർശകർ കാനഡയിലെ സൌത്ത് ഓണ്ടേറിയോയിലേയ്ക്ക് ഒഴുകുന്നത്.

തണുത്തുറഞ്ഞ വെള്ളച്ചാട്ടം കാണാൻ മഞ്ഞുകട്ട കൊണ്ടുള്ള ഒരു കൊട്ടാരം പോലെയുണ്ടെന്നാണു സന്ദർശകർ പറയുന്നത്. വെള്ളച്ചാട്ടം മാത്രമല്ല ചുറ്റുമുള്ള മരങ്ങളും ചെടികളും പാറക്കെട്ടുകളുമെല്ലാം മഞ്ഞുമൂടി വെളുത്ത പഞ്ഞിക്കെട്ടുകൾ പോലെ കിടക്കുന്ന കാഴ്ച് കണ്ണിനു ആനന്ദകരമാണു.

എന്നാൽ യഥാർത്ഥത്തിൽ വെള്ളത്തിന്റെ ഒഴുക്ക് പൂർണ്ണമായും നിലച്ചിട്ടില്ല. ജലപ്രവാഹത്തിന്റെ പുറമേയുള്ള പാളി ഐസായി മാറിയാലും അതിനുള്ളിലൂടെ ജലമൊഴുകാൻ പ്രയാസമില്ല. മഞ്ഞുപാളി ഒരു താപകവചമായി നിൽക്കുന്നതിനാൽ അതിനുള്ളിൽ മൈനസ് നാലു ഡിഗ്രിയ്ക്കു മുകളിൽ താപനിലയുണ്ടാകും എന്നതിനാൽ ജലം ഐസാവുകയില്ല.

എന്നാൽ ഒറ്റനോട്ടത്തിൽ ഒഴുകുന്ന ജലത്തിന്റെ ഒരു കട്ടിയായ ഒരു രൂപമേ നമുക്ക് കാണുവാൻ സാധിക്കുകയുള്ളൂ. ഈ കാഴ്ചയാണു പ്രധാനമായും സന്ദർശകരെ ആകർഷിക്കുന്നത്.