ടി പി വധക്കേസിൽ ഇനി സി ബി ഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി

single-img
4 January 2018

ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചനക്കേസിൽ സി ബി ഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി. കേസിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ‌ കഴിയുമോ എന്ന കാര്യത്തിൽ സംശയമാണെന്നും ഇക്കാര്യത്തിൽ നേരത്തെ പരിശോധന നടത്തിയതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ടി പി വധക്കേസിലെ ഗൂഢാലോചനയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ നൽകിയ ഹർജിയിലാണ് കോടതി ഇപ്രകാരം ഒരു നിരീക്ഷണം നടത്തിയതു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിലവില്‍ നിരവധി പേര്‍  വിചാരണ നേരിടുകയും പലരേയും കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഗുഢാലോചനാ ആരോപണവും അന്ന് പരിഗണിച്ചതാണ്. ഇത്തരത്തില്‍ വിചാരണ നേരിട്ട പ്രതികള്‍ക്കെതിരേ വീണ്ടും ഗൂഢാലോചനാക്കുറ്റം കൂടി ചുമത്താന്‍ കഴിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.

തുടരന്വേഷണം നടത്തുന്നതിൽ തെറ്റില്ല. എന്നാൽ ഇതിൽ പുതിയ പ്രതികൾ ഉണ്ടെങ്കിൽ മാത്രമേ ഇക്കാര്യം അന്വേഷിക്കാൻ ആകുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.

കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. നിലവില്‍  കേസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മൂന്ന് എഫ്.ഐ.ആറുകളിലും നിയമപരമായ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ സി.ബി.ഐ അന്വേഷണം സാധ്യമാകുകയുള്ളൂവെന്നാണ് കോടതി അറിയിച്ചത്.