കുൽഭൂഷൺ ജാദവ് ഇന്ത്യൻ അധികൃതരെ കുറ്റപ്പെടുത്തുന്ന വീഡിയോയുമായി പാക്കിസ്ഥാൻ: വ്യാജമെന്ന് ഇന്ത്യ

single-img
4 January 2018

കുൽഭൂഷൺ ജാദവ്വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക്കിസ്ഥാൻ ജയിലിൽക്കഴിയുന്ന കുൽഭൂഷൺ ജാദവ് ഇന്ത്യൻ അധികൃതരെ കുറ്റപ്പെടുത്തുന്ന വീഡിയോയുമായി പാക്കിസ്ഥാൻ.  ഇന്ത്യന്‍ പ്രതിനിധികള്‍ തന്‍റെ അമ്മയേയും ഭാര്യയേയും ഭീഷണിപ്പെടുത്തുകയും അവരോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തതായി കുൽഭൂഷൺ പറയുന്ന വീഡിയോയാണു പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ വീഡിയോ വ്യാജമാണെന്ന് ഇന്ത്യ ആരോപിച്ചു.

അമ്മ വിഷമിക്കേണ്ടതില്ലെന്നും പാക് അധികൃതര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും കുല്‍ഭൂഷണ്‍ ജാദവ് പറയുന്നതായി വീഡിയോയിലുണ്ട്. വ്യാഴാഴ്ച ഒരു പാക്കിസ്ഥാന്‍ മാധ്യമമാണു ഈ വീഡിയോ പുറത്തുവിട്ടത്.

തന്നെക്കാണാൻ തന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അനുവാദം നൽകിയ അനുവദിച്ച പാക്കിസ്ഥാന്‍ സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. താനിപ്പോഴും ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥന്‍ ആണെന്നാണു തനിക്ക് ഇന്ത്യയിലെ ജനങ്ങളോടും മാധ്യമങ്ങളോടും പറയാനുള്ളതെന്ന് കുൽഭൂഷൺ ജാദവ് ഈ വീഡിയോയിൽ പറയുന്നു.

“എന്‍റെ അമ്മയുടേയും ഭാര്യയേയും കണ്ണില്‍ ഞാന്‍ ഭയവും കണ്ടു. എന്നെ കണ്ടതിന് ശേഷം ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ എന്‍റെ അമ്മയോട് കയര്‍ക്കുന്നുണ്ടായിരുന്നു.” കുൽഭൂഷൺ വീഡിയോയിൽ പറയുന്നു.

എന്നാൽ വീഡിയോ വ്യാജമാണെന്നാണു ഇന്ത്യയുടെ നിലപാട്. വെടിനിർത്തൽ ലംഘിച്ച പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകൾ ഇന്ത്യ ആക്രമിച്ചതിന്റെ വാർത്ത ചർച്ചയാകാതിരിക്കുവാനാണു പാക്കിസ്ഥാൻ ഈ വ്യാജ വീഡിയോ ഇന്നുതന്നെ പുറത്തുവിട്ടതെന്നതരത്തിലാണു ട്വിറ്ററിലെ പ്രതികരണങ്ങൾ.

തീവ്രവാദം, ചാരവൃത്തി എന്നീ കുറ്റങ്ങൾ ആരോപിച്ച് പാക്കിസ്ഥാനിലെ പട്ടാളക്കോടതി കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇന്ത്യൻ നാവികസേനയിൽ കമാൻഡർ ആയിരുന്ന കുൽഭൂഷൺ ജാദവ് ഇന്ത്യൻ ചാരസംഘടനയായ റോയുടെ ഏജന്റ് ആണെന്നാണു പാക്കിസ്ഥാൻ ആരോപിക്കുന്നത്.

ഡിസംബര്‍ 25നാണ് പാക്കിസ്ഥാന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയും ഭാര്യയും ഇസ്ലാമബാദിലേക്ക് പോകുന്നത്. ഇസ്‌ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിൽവച്ചാണ് അമ്മയും ഭാര്യയും അദ്ദേഹത്തെ കണ്ടത്. നാല്‍പ്പത് മിനുട്ട് നീണ്ടുനിന്ന കൂടികാഴ്ചയ്ക്ക് ശേഷം അവര്‍ അന്ന് തന്നെ തിരിച്ചുവന്നിരുന്നു. കുൽഭൂഷൺ അമ്മ അവന്തികയോടും ഭാര്യ ചേതനയോടും സംസാരിക്കുകയും ചെയ്തു. ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി.സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്കുശേഷം ഭാര്യയും അമ്മയും അന്നേ ദിവസം തന്നെ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇസ്‌ലാമാബാദില്‍ എത്തിയ അമ്മയോടും ഭാര്യയോടും അങ്ങേയറ്റം മനുഷ്യത്വ രഹിതമായാണ് പാക് ഭരണകൂടം പെരുമാറിയതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. കുല്‍ഭൂഷണും കുടുംബവും തമ്മിലുള്ള കൂടിക്കാഴ്ച പാക്കിസ്ഥാന്‍ വ്യാജ പ്രചാരണങ്ങള്‍ക്കുള്ള ഉപകരണമാക്കിയെന്നും സുഷമ സ്വരാജ് പാര്‍ലമെന്‍റില്‍ പറഞ്ഞു. അന്നും കുല്‍ഭൂഷണ്‍ ജാദവും അമ്മയും തമ്മിലുള്ള സംഭാഷണങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

47 വയസ്സുള്ള കുൽഭൂഷൺ ജാദവ് മഹാരാഷ്ട്ര സ്വദേശിയാണു. കഴിഞ്ഞ വർഷം മാർച്ച് മൂന്നാം തീയതി പാക്കിസ്ഥാനിലെ ബലോചിസ്ഥാൻ പ്രവിശ്യയിൽ നിന്നാണു പാക്കിസ്ഥാൻ സുരക്ഷാസേന അറസ്റ്റ് ചെയ്യുന്നത്. ചാരവൃത്തിയ്ക്കായി ജാദവ് ഇറാനിൽ നിന്നും അവിടേയ്ക്ക് നുഴഞ്ഞുകയറിയതാണെന്നാണു പാക്കിസ്ഥാൻ ആരോപിക്കുന്നത്. എന്നാൽ നാവികസേനയിൽ നിന്നും വിരമിച്ചശേഷം ഇറാനിലേയ്ക്ക് കച്ചവട ആവശ്യത്തിനായി പോയ ജാദവിനെ ആരോ ബലോചിസ്ഥാനിലേയ്ക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണു ഇന്ത്യൻ സർക്കാർ അവകാശപ്പെടുന്നത്.