മമ്മൂട്ടിയെ വിമർശിക്കുന്ന WCC ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായി

single-img
2 January 2018

അ‌ടുത്തിടെ “കസബ’ എന്ന ചിത്രത്തെ പരസ്യമായി വിമർശിച്ച വിമൻ കളക്ടീവ് അംഗം പാർവതിക്കെതിരേ ഒരു സംഘം സൈബർ ആക്രമണം നടത്തിയിരുന്നു. ഈ വിഷയത്തിൽ പിന്നീട് മമ്മൂട്ടി പാർവതിക്ക് പിന്തുണയുമായി രംഗത്തുവരികയും വിവാദങ്ങൾ കെട്ടടങ്ങുകയും ചെയ്തതിന് പിന്നാലെയാണ് വിമൻ കളക്ടീവിന്‍റെ പോസ്റ്റ് പ്രത്യക്ഷപെട്ടത്.

പുതുവർഷം എല്ലാവർക്കും കൂടുതൽ കാര്യങ്ങൾ പഠിക്കാനുള്ള മികച്ച അവസരമാകട്ടെ എന്ന ആമുഖത്തോടെയായിരുന്നു വിമൻ കളക്ടീവിന്‍റെ കുറിപ്പ് തുടങ്ങിയത്. പോയ വർഷം ആഗോള സിനിമാ ലോകത്തിന് അർഥവത്തായ വർഷമായിരുന്നു. മലയാള സിനിമയ്ക്ക് ഉയർത്തെഴുന്നേൽപ്പിന്‍റെയും ആത്മപരിശോധനയുടെയും വർഷവും. മലയാള ചലച്ചിത്ര ലോകത്തെ ആത്മപരിശോധന സമത്വവും സ്വാതന്ത്ര്യവും കൊണ്ടുവരട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ വിമൻ കളക്ടീവ് വ്യക്തമാക്കിയിരുന്നു.

പഴയ മമ്മൂട്ടിയുടെ നിഴൽ മാത്രമാണിപ്പോഴെന്നും എഴുപതുകളിൽ എത്തിയിട്ടും അദ്ദേഹത്തിന് ചെറുപ്പക്കാരന്‍റെ വേഷം ചെയ്യാനാണ് ഇപ്പോഴും താത്പര്യമെന്നുമുള്ള വിമർശനങ്ങളായിരുന്നു ലേഖനത്തിലുണ്ടായിരുന്നത്. മമ്മൂട്ടി ആരാധകർ സിനിമയുടെ നിലവാരത്തേക്കാളും അദ്ദേഹത്തിന്‍റെ ചെറുപ്പത്തിനാണ് പ്രാധാന്യം നൽകുന്നത്. മമ്മൂട്ടി ഇപ്പോൾ നിലനിർത്തിയിരിക്കുന്ന രൂപ കൃത്രിമമാണെന്നും അത് അദ്ദേഹം സ്വയം നാണംകെടുന്നതിന് തുല്യമാണെന്നും ഉൾപ്പടെയുള്ള ദീർഘമായ വിമർശനമായിരുന്നു ലേഖനത്തിലുണ്ടായിരുന്നത്.

ലേഖനം വന്നതിന് പിന്നാലെ വിമൻ കളക്ടീവിനെതിരേ വലിയ വിമര്ശനങ്ങളാണ്‌ ഉയർന്നത്. പ്രതികരണങ്ങൾ ശക്തമായതോടെ മിനിറ്റുകൾക്കകം പോസ്റ്റ് അപ്രത്യക്ഷമായി.