ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ല: പിഴയായി ഈടാക്കിയത് 2320 കോടി രൂപ

single-img
2 January 2018

ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 2320 കോടി രൂപ. 1,771 കോടി രൂപയാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐമാത്രം ഈയിനത്തില്‍ വസൂലാക്കിയത്.

ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ എസ്ബിഐയുടെ അറ്റാദായത്തേക്കാള്‍ കൂടുതലാണ് ഇതിലൂടെ ലഭിച്ച വരുമാനം. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ ബാങ്കിന്റെ ലാഭമായ 3,586 കോടി രൂപയുടെ പകുതിയോളംവരും ഇത്.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഈയിനത്തില്‍ എസ്ബിഐ അക്കൗണ്ട് ഉടമകളില്‍നിന്ന് പണമൊന്നും ഈടാക്കിയിട്ടില്ല. അഞ്ചുവര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷമുതല്‍ മിനിമം ബാലന്‍സ് ഏര്‍പ്പെടുത്തിയത്.

42 കോടി അക്കൗണ്ടുകളാണ് എസ്ബിഐയ്ക്കുള്ളത്. 13 കോടി ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടും ജന്‍ധന്‍ അക്കൗണ്ടുകളും ഉള്‍പ്പടെയാണിത്. ഈ രണ്ട് അക്കൗണ്ടുകളെയും മിനിമം ബാലന്‍സ് വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മിനിമം ബാലന്‍സ് ഈടാക്കിയ വകയില്‍ രണ്ടാം സ്ഥാനത്തുള്ളത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. ഏപ്രില്‍-നവംബര്‍ കാലയളവില്‍ 97.34 കോടി രൂപയാണ് പിഎന്‍ബിയ്ക്ക് ലഭിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 68.67 കോടിയും കാനറാ ബാങ്കിന് 62.16 കോടി രൂപയും ലഭിച്ചു.