ഇന്ത്യ– പാക്ക് ദേശീയസുരക്ഷാ ഉപദേഷ്ടാക്കളുടെ ‘രഹസ്യ’കൂടിക്കാഴ്ച തായ്ലൻഡിൽ

single-img
1 January 2018

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്ഥാന്‍ ഉപദേഷ്ടാവ് ലഫ്.ജനറല്‍ നാസിര്‍ ഖാന്‍ ജന്‍ജുവായും തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ഡിസബർ 26-നായിരുന്നു കൂടിക്കാഴ്ച. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രെസ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക്ക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ കുടുംബം സന്ദർശിച്ചതിനു പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കുൽഭൂഷണിനെ കാണാനെത്തിയ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാൻ മോശമായി പെരുമാറിയെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.എന്നാൽ കൂടിക്കാഴ്ച്ചയുടെ തീയതി നേരത്തെ നിശ്ചയിച്ചതായതുകൊന്റ് കുൽഭൂഷൺ ജാദവിന്റെ ബന്ധുക്കളുടെ സന്ദർശനവുമായി ഈ കൂടിക്കാഴ്ച്ചയ്ക്ക് ബന്ധമൊന്നുമില്ലെന്നാണു എക്സ്പ്രെസ്സിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ഇരുവരും തമ്മിൽ നടത്തിയ ചർച്ച വിജയമായിരുന്നു. ഡോവലിന്റെ രീതികൾ സൗഹാർദപരമായിരുന്നുവെന്ന് പാക്കിസ്ഥാന്റെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു. നയതന്ത്ര തലത്തിലുള്ള ചർച്ചകൾ പുനഃരാരംഭിക്കാൻ ഇതു സഹായിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. സുരക്ഷാ ഉപദേഷ്ടാക്കളെ കൂടാതെ ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

രണ്ടുമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച്ചയിൽ കശ്മീർ അതിർത്തിവഴി പാക്കിസ്ഥാൻ സഹായത്തോടെ നടക്കുന്ന നുഴഞ്ഞുകയറ്റവും തീർവവാദി ആക്രമണങ്ങളും അടക്കമുള്ള വിഷയങ്ങൾ ഇന്ത്യ ഉന്നയിച്ചതായാണു റിപ്പോർട്ട്.

അബദ്ധത്തിൽ അതിർത്തി കടന്നുപോയതിന്റെ പേരിൽ പിടിയിലാകുന്ന കുട്ടികളെ പെട്ടെന്നു അവരുടെ വീടുകളിൽ തിരിച്ചെത്തിക്കുന്നതരത്തിൽ  മനുഷ്യത്വപരമായ ഒരു കരാറിന്റെ സാധ്യത ഇന്ത്യ ചർച്ചയിൽ അവതരിപ്പിച്ചിരുന്നു. പാക്കിസ്ഥാൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.

മുംബൈ ഭീകരാക്രമണതിന്റെ സൂത്രധാരനായ ഹാഫിസ് സയീദിനെയും ലഷ്കർ ഇ തോയ്ബ കമാൻഡർ സാക്കിർ റഹ്മാനെയും പാക്കിസ്ഥാൻ കൈകാര്യം ചെയ്ത രീതിയും ഇന്ത്യൻ പ്രതിനിധികൾ ചർച്ചയാക്കി. ഹാഫിസ് സയീദ് പോലീസ് കസ്റ്റഡിയിൽ നിന്നും മോചിതനായതിനു ശേഷം രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുകയാണു. സാക്കിർ റഹ്മാനും ജാമ്യം ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ ഈ നിലപാറ്റിനെ ഇന്ത്യ വിമർശിച്ചു.

കശ്മീരിലെ പ്രശ്നങ്ങളും പാക്ക് അധീന കശ്മീരിന്റെ അതിർത്തിയിൽ താമസിക്കുന്ന സാധാരണ പൌരന്മാർക്കുനേരേ ഇന്ത്യ നടത്തുന്നതായി പാക്കിസ്ഥാൻ ആരോപിക്കുന്ന ആക്രമണങ്ങളുമാണു പാക് പ്രതിനിധികൾ പ്രധാനമായും ചർച്ചയാക്കിയത്.