വീണ്ടുമൊരു ഗാനം കൂടി പുറത്ത്: പക്ഷെ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഗൗതം മേനോന്‍ ധനുഷ് ചിത്രത്തിന്റെ റിലീസ് ഇപ്പോഴും അനിശ്ചിതത്വത്തില്‍

single-img
1 January 2018


ഗൗതം മേനോന്‍ ധനുഷ് കൂട്ടുകെട്ടിന്റെ എന്നെ നോക്കി പായും തോട്ടൈ എന്ന ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്ത്. ഈണത്തിലും ചിത്രീകരണത്തിലുമെല്ലാം ഗൗതം മേനോന്‍ ചിത്രങ്ങളിലെ ഗാനങ്ങളുടെ പതിവ് നിലവാരം അവകാശപ്പെടാവുന്നതാണ് പുതിയ ഗാനം.

ദര്‍ബുക ശിവ ഈണം നല്‍കി സിദ് ശ്രീറാമും, സഷ ത്രിപാഠിയും ചേര്‍ന്നാലപിച്ച വിസിറി എന്ന ഗാനമാണ് ഇന്നലെ പുറത്ത് വന്നത്. ചിത്രത്തിലെ മുന്‍പ് പുറത്ത് വന്ന രണ്ട് ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനങ്ങള്‍ മനോഹരമെങ്കിലും ചിത്രം എന്ന് പുറത്ത് വരുമെന്നതിനെ അനിശ്ചിതത്വം തുടരുകയാണ്.

ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വന്നത് കഴിഞ്ഞ ഡിസംബറിലാണ്. എന്നാല്‍ വര്‍ഷം ഒന്ന് കഴിയുമ്പോഴും ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടില്ലെന്നാണ് സൂചന. ഇതിനിടെ ധനുഷ് മറ്റ് ചിത്രങ്ങളുടെ ഷൂട്ടിങ്ങിലേക്ക് കടന്നു. ഗൗതം മേനോന്‍ ആകട്ടെ വിക്രം ചിത്രമായ ധ്രുവനക്ഷത്രത്തിന്റെ തിരക്കുകളിലുമായി.

ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് ചിത്രത്തിന്റെ ഷൂട്ടിങ് നീളുന്നതിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിച്ചെന്നാണ് വാര്‍ത്ത. അവസാന ഷെഡ്യൂള്‍ അല്‍പ ദിവസം മുന്‍പ് തുടങ്ങിയെന്നും വാര്‍ത്തയുണ്ട്. ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കി എന്ന് പുറത്ത് വരുമെന്നാണ് ഇനി അറിയേണ്ടത്.

ചിത്രം ആദ്യം വാര്‍ത്തകളില്‍ ഇടം നേടിയത് സംഗീത സംവിധായകന്‍ ആരെന്ന ചോദ്യത്തെ ചുറ്റിപ്പറ്റിയായിരുന്നു. ആദ്യം ഇത് വെളിപ്പെടുത്താന്‍ ഗൌതം മേനോന്‍ തയ്യാറാതിരുന്നില്ല. പുറത്ത് വന്ന രണ്ട് ഗാനങ്ങളും ഹിറ്റായി ആരാധകരുടെ ആകാംക്ഷ ഇരട്ടിച്ചതോടെ മാസങ്ങള്‍ക്കൊടുവിലാണ് ഗൌതം ആ രഹസ്യം പുറത്ത് വിട്ടത്.

ശശികുമാര്‍ സംവിധാനം ചെയ്ത കിടാരി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയ ദര്‍ബുക സിവയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആദ്യ രണ്ട് ഗാനങ്ങളെപ്പോലെ വിസിറി എന്ന ഗാനവും വരും ദിവസങ്ങളില്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിക്കാനാണ് സാധ്യത.