ഡല്‍ഹിയില്‍ കൊടുംതണുപ്പ്: വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു; ട്രെയിനുകളും റദ്ദാക്കി; റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

single-img
31 December 2017


ഡല്‍ഹിയില്‍ ജന ജീവിതം ദുസ്സഹമാക്കി കൊടുംതണുപ്പും മൂടല്‍ മഞ്ഞും. 6.4 ഡിഗ്രി സെല്‍ഷ്യസാണ് വിമാനത്താവളത്തിലെ താപനില. ശനിയാഴ്ച രാത്രി 7.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ താപനില കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റണ്‍വേയിലെ ദൃശ്യപരിധി കുറഞ്ഞതിനാല്‍ വിമാനങ്ങള്‍ക്ക് പറന്നുയരാനോ ലാന്‍ഡ് ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്.

ഞായറാഴ്ച രാവിലെ മുതല്‍ വിമാന സര്‍വീസുകളുടെ വരവും പോക്കും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതേവരെ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. കനത്ത മഞ്ഞ് ട്രെയിന്‍ സര്‍വീസുകളെയും പ്രതികൂലമായി ബാധിച്ചു.

15 സര്‍വീസുകള്‍ റദ്ദാക്കിയതായാണു വിവരം. 57 സര്‍വീസുകള്‍ വൈകുകയും 18 സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചെയ്തു. മോശം കാലാവസ്ഥ റോഡ് ഗതാഗതത്തെയും ബാധിച്ചു. യമുന എക്‌സ്പ്രസ് വേയിലൂടെ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.