ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്: ‘എനിക്കെന്റെ അമ്മയെ വേണം’

single-img
31 December 2017

ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന വാദവുമായി യുവാവ് രംഗത്ത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത കുമാറാണ് ഐശ്വര്യ റായി തന്റെ അമ്മയാണെന്നും അതിന് തന്റെ കൈയില്‍ തെളിവുകളുണ്ടെന്നുമുള്ള അവകാശവാദവുമായി എത്തിയത്.

1998 ല്‍ ലണ്ടനില്‍ വച്ച് ടെസ്റ്റ്യൂബ് ശിശുവായാണ് താന്‍ ജനിച്ചതെന്നും രണ്ടു വര്‍ഷത്തോളം ഐശ്വര്യയുടെ മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞുവെന്നും യുവാവ് അവകാശപ്പെടുന്നു. ശേഷം പിതാവ് ആദിവേലു റെഡ്ഡി തന്നെ വിശാഖപട്ടണത്തിലേയ്ക്കു തിരിച്ചു കൊണ്ടു വന്നു.

മൂന്നാം വയസു മുതല്‍ താന്‍ വിശാഖപട്ടണത്തിലാണു വളരുന്നത് എന്ന് ഇയാള്‍ പറയുന്നു. മൂന്ന് വയസ്സ് തൊട്ട് 27 വയസ്സുവരെ ഞാന്‍ വളര്‍ന്നത് ചോളവാരത്തിലാണ്. രണ്ട് വയസ്സുവരെ ഞാന്‍ എന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ മുംബൈയിലാണ് വളര്‍ന്നത്.

ബ്രിന്ദ കൃഷ്ണരാജ് റായി എന്നാണ് എന്റെ അമ്മൂമ്മയുടെ പേര്. മുത്തശ്ശന്‍ കൃഷ്ണരാജ് റായി കഴിഞ്ഞ ഏപ്രിലിലാണ് മരിച്ചത്. എന്റെ അമ്മാവന്‍ ആദിത്യ റായിയും മുത്തശ്ശിയുമെല്ലാം മുംബൈയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. 2007ല്‍ എന്റെ ‘അമ്മ അഭിഷേക് ബച്ചനെ വിവാഹം ചെയ്തു.

പക്ഷെ ഇപ്പോള്‍ അവര്‍ തമ്മില്‍ പിരിഞ്ഞു. അമ്മ ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. എനിക്കെന്റെ അമ്മയെ തിരിച്ചു വേണം. അമ്മ മംഗലാപുരത്തേയ്ക്ക് തിരിച്ചു വരണം. എനിക്കെന്റെ അമ്മയുടെ കൂടെ താമസിക്കണം. 27 വര്‍ഷമായി ഞാന്‍ എന്റെ കുടുംബവുമായി പിരിഞ്ഞിട്ട്.

ഞാന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എനിക്ക് വിശാഖപട്ടണത്തേക്ക് തിരിച്ചു പോകണ്ട. എനിക്കെന്റെ അമ്മയെ ആണ് വേണ്ടത്. എന്റെ നാട്ടില്‍ എനിക്ക് ഒരുപാടു പ്രശ്‌നങ്ങളാണ്. ബന്ധുക്കള്‍ ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ പലതും പറഞ്ഞു കേള്‍ക്കുന്നു.

അവരെല്ലാ തെളിവുകളും നശിപ്പിച്ചു. ഞാന്‍ ഇതിന് മുന്‍പേ അമ്മയെ തേടി വന്നേനെ. എന്നാല്‍ എന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ല. എനിക്ക് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എനിക്കെല്ലാം അറിയാം. എല്ലാ കാര്യത്തിലും വ്യക്തത വന്നു. എന്റെ കയ്യില്‍ തെളിവുകളുമുണ്ട്. എനിക്ക് വേറൊന്നും വേണ്ട എന്റെ അമ്മയെ അല്ലാതെ’, യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.