ലഖ്നൌവിലെ മദ്രസ്സയിൽ ലൈംഗിക പീഡനം: പോലീസ് നടത്തിയ റെയിഡിൽ 51 പെൺകുട്ടികളെ മോചിപ്പിച്ചു; മദ്രസ മാനേജർ അറസ്റ്റിൽ

single-img
31 December 2017

പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന പരാതിയില്‍ യു.പി.യിലെ ഓള്‍ഡ് ലഖ്‌നൗവിലെ മദ്രസയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 51 പെണ്‍കുട്ടികളെ മോചിപ്പിച്ചു. മദ്രസ്സയുടെ  മാനേജര്‍ ഈ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായി പരാതി ലഭിച്ചതിനെത്തുടർന്നായിരുന്നു റെയിഡ് നടന്നത്.

യാസിൻ ഗഞ്ചിലെ ജാമിയ ഖദീജത്തുൽ ഖുബ്ര ലിലാബ്നത്ത് മദ്രസ്സയിലാണു ഇന്നലെ രാത്രി സാദത്ത് ഗഞ്ച് പോലീസ് റെയിഡ് നടത്തിയത്. മദ്രസ്സ മാനേജറായ ഖാസി മുഹമ്മദ് തയീബ് സിയയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാൾക്കെതിരെ സെക്ഷന്‍ 376, 354, 323 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

മുഹമ്മദ് തയീബ് കുട്ടികളെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായും നൃത്തം ചെയ്യിച്ചിരുന്നതായും പെണ്‍കുട്ടികള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത 125-ലധികം പെണ്‍കുട്ടികളാണ് മദ്രസയില്‍ പേര് രജിസ്റ്റര്‍ചെയ്ത് പഠനം നടത്തുന്നത് എന്ന് പോലീസ് പറഞ്ഞു. റെയ്ഡ് നടക്കുമ്പോള്‍ ഉണ്ടായിരുന്ന 51 പേരെയും പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.

ലഖ്നൌ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ മദ്രസ്സയിൽ നടക്കുന്ന പീഡനങ്ങൾ പുറം ലോകം അറിഞ്ഞത് അവിടെ തടവിൽ കഴിയുന്ന പെൺകുട്ടികൾ ഇതിനെക്കുറിച്ച് തുണ്ടു പേപ്പറുകളിൽ എഴുതി ജനാലയിലൂടെ പുറത്തേയ്ക്കെറിഞ്ഞപ്പോഴാണു. പരിസരവാസികൾക്ക് ഇതു ലഭിച്ചപ്പോൾ അവർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിനു മുന്നിലും പെണ്‍കുട്ടികള്‍ പരാതി ആവര്‍ത്തിച്ചു.

അഞ്ചിനും 24നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഇവിടെ കഴിഞ്ഞിരുന്നത്. ബീഹാര്‍, നേപ്പാള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. ഇവരുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടു ഇതുവരെ പുറത്തുവന്നിട്ടില്ല.

മദ്രസയ്‌ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മദ്രസയ്ക്ക് രജിസ്‌ട്രേഷനുണ്ടോ എന്നകാര്യം പരിശോധിച്ചുവരികയാണെന്ന് ലഖ്‌നൗ വെസ്റ്റ് എസ്.എസ്.പി. ദീപക് കുമാര്‍ പറഞ്ഞു.

അതേസമയം ഈ മദ്രസ യു.പി മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍ ബലെന്തു ദ്വിവേദി പറഞ്ഞു.

കൂടുതല്‍പ്പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നത് പരിശോധിച്ചുവരികയാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടിയെടുക്കുമെന്നും അന്വേഷണം തുടരുകയാണെന്നും എസ്.എസ്.പി. പറഞ്ഞു.