പരസ്യത്തില്‍ വിശ്വസിച്ച് വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ വാങ്ങി കഴിച്ചിട്ടും തന്റെ വണ്ണത്തില്‍ യാതൊരുവിധ കുറവും വന്നിട്ടില്ല;തട്ടിപ്പ് പരസ്യങ്ങള്‍ക്കെതിരേ ഉപരാഷ്ട്രപതി

single-img
30 December 2017

ന്യൂഡല്‍ഹി: വണ്ണം കുറയ്ക്കുന്നതിനുള്ള വ്യാജ മരുന്നുകള്‍ വാങ്ങി കബളിക്കപ്പെട്ടിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വെളിപ്പെടുത്തല്‍. മരുന്നു കഴിച്ചാല്‍ വണ്ണം കുറയുമെന്ന് പറഞ്ഞാണ് 1000 രൂപ ചിലവാക്കി മരുന്ന് വാങ്ങിയത്. എന്നാല്‍ മരുന്ന് ഉപയോഗിച്ചിട്ട് തന്റെ വണ്ണത്തില്‍ യാതൊരുവിധ കുറവും വന്നിട്ടില്ല.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെക്കുറിച്ച്‌ രാജ്യസഭയില്‍ നടത്തിയ ചര്‍ച്ചയിലാണ് മരുന്ന് വാങ്ങി വഞ്ചിക്കപ്പെട്ട കാര്യം ഉപരാഷ്ട്രപതി വ്യക്തമാക്കിയത്.

കുറച്ച്‌ നാളുകള്‍കൊണ്ട് തടി കുറയ്ക്കാന്‍ സാധിക്കും എന്നായിരുന്നു പരസ്യത്തില്‍ ഉണ്ടായിരുന്നത്. ഇതൊക്കെ വിശ്വസിച്ചാണ് മരുന്ന് വാങ്ങി കഴിച്ചത്. എന്നാല്‍ മരുന്നുകൊണ്ട് യാതൊരു പ്രയോജനവും തനിക്കുണ്ടായിട്ടില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

രാം വിലാസ് പാസ്വാന്റെ കീഴിലുള്ള ഉപഭോക്തൃ മന്ത്രാലയ വകുപ്പ് പൊതുജനങ്ങളെ കബളിപ്പിക്കുന്ന വ്യാജപരസ്യങ്ങള്‍ക്കെതിരെ കടുത്ത നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.