കണ്ണൂരിൽ പോലീസ് സ്റ്റേഷനു നേരെ ബോംബേറ്: ആക്രമണം കൊലക്കേസ് പ്രതികളായ ആർ എസ് എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ

single-img
30 December 2017

കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ തുടർക്കഥയാകുന്നതിനിടെ പോലീസ് സ്റ്റേഷനു നേരേ ബോംബാക്രമണം.  നിരന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ ആർഎസ്എസിന്റെ 3 പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു കൂത്തുപറമ്പ് പോലീസ് സ്റ്റേഷനു നേരേ ബോംബേറുണ്ടായത്.  ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണ് ബോംബെറിഞ്ഞതെന്നാണ് പോലീസ് നിലപാട്.

സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളായ പിണറായി പുത്തംകണ്ടം സ്വദേശി പ്രേംജിത്ത് ഉൾപ്പടെയുള്ളവരെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പിണറായിയിലെ കെ മോഹനന്‍ വധക്കേസിലെ പ്രതിയാണ് പ്രേംജിത്ത്. കഴിഞ്ഞ ദിവസം പാനൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ പ്രേംജിത്തും സംഘവുമാണ് ശ്രമിച്ചതെന്ന കണ്ടെത്തലോടെയാണ് അറസ്റ്റ് ഉണ്ടായത്.

കഴിഞ്ഞ 3 ദിവസമായി ജില്ലയിൽ 4 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. പാനൂർ, മട്ടന്നൂർ മേഖലയിലാണ് സംഘർഷം നടന്നത്.