ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മര്‍ദ്ദിച്ച സംഭവം: എസ്.ഐയെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

single-img
30 December 2017

കോഴിക്കോട്: മിഠായിത്തെരുവിലെ താജ് റോഡിൽ വെച്ച് ട്രാൻസ്ജെൻഡറുകളെ പൊലീസ് മർദ്ദിച്ച സംഭവത്തില്‍ കസബ എസ്.ഐ. വി. ഷിജിത്തിനെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണംഷിജിത്തിനും മറ്റ് രണ്ട് പൊലീസുകാര്‍ക്കുമെതിരെ കേസെടുത്തെന്ന് പറയുന്നുണ്ടെങ്കിലും എഫ്.ഐ.ആറില്‍ ഇവരുടെ പേരില്ലെന്നാണ് ആക്ഷേപം. കണ്ടാലറിയാവുന്ന പൊലീസുകാര്‍ എന്ന് മാത്രമാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, മൊഴിയെടുക്കുന്ന സമയത്ത് കസബ എസ്.ഐയുടെ പേര് പറഞ്ഞിരുന്നതായി മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകര്‍ക്കെതിരെ കേസെടുത്തു അന്വേഷണം നടത്താന്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. ഡി.സി.പി മെറിന്‍ ജോസഫിനാണ് അന്വേഷണ ചുമതല. ഡി.സി.പിയുടെ കീഴില്‍ കേസന്വേഷിക്കുന്നത് ടൗണ്‍ സി.ഐ പി.എം മനോജാണ്.

മിഠായിത്തെരുവിലെ താജ് റോഡില്‍ വെച്ച് ബുധനാഴ്ചയാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് മര്‍ദ്ദിച്ചത്. അഞ്ചുപേരെയാണ് പൊലീസ് അകാരണമായി അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ചത്. ട്രാന്‍സ്‌ജെന്‍ഡറുകളായ സുസ്മിക്കും ജാസ്മിനും കൈകള്‍ക്കും കാലിനും സാരമായി പരിക്കേറ്റിരുന്നു. തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ പിറ്റേ ദിവസം നൃത്തം അവതരിപ്പിക്കേണ്ടതിനാല്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തി തിരിച്ചുപോകവെയാണ് പൊലീസ് മര്‍ദിച്ചത്.