ഒമാനില്‍ ജനുവരി മുതല്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കില്ല

single-img
28 December 2017

സാമ്പത്തിക പരിഷ്‌കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ജനുവരി മുതല്‍ മൂല്യവര്‍ധിത നികുതി നടപ്പിലാക്കുമെന്ന തീരുമാനം ഒമാന്‍ മാറ്റിവെച്ചു. ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മൂല്യവര്‍ധിത നികുതി 2019ലെ നടപ്പിലാക്കൂവെന്നു ധനകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം മദ്യം, പുകയില, ഊര്‍ജ പാനീയങ്ങള്‍ എന്നിവക്കുള്ള പ്രത്യേകം നികുതി അടുത്തവര്‍ഷം പകുതിയോടുകൂടി നടപ്പിലാക്കുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. വാറ്റ് പ്രാബല്യത്തില്‍ വരുന്നതോടു കൂടി മുന്നൂറു മില്യണ്‍ ഒമാനി റിയാലിന്റെ അധിക വരുമാനം ആണ് സര്‍ക്കാര്‍ ഖജനാവ് പ്രതീക്ഷിച്ചിരുന്നത്.

ഒമാന്റെ അയല്‍ രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ എന്നീ ജിസിസി രാജ്യങ്ങളില്‍ ജനുവരി ഒന്ന് മുതല്‍ വാറ്റ് പ്രാബല്യത്തില്‍ ആവുന്നത് ഒമാന്റെ വ്യാപാര വ്യവസായ മേഖലയെ ബാധിക്കില്ല എന്നതിനാലാണ് വാറ്റ് നടപ്പാക്കുന്നത് മാറ്റിവെക്കാന്‍ കാരണമെന്നാണ് സൂചന.

ജി.സി.സി രാജ്യങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന ഉടമ്പടി പ്രകാരം, മറ്റു ജി.സിസി രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് നികുതി ചുമത്താന്‍ പാടില്ലാത്തതു മൂലം ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കാന്‍ സാധ്യതയില്ല. 2015 മുതല്‍, ഒമാന്‍ ബഡ്ജറ്റിലെ കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി പല സബ്‌സിഡികളും സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. ഇതുമൂലം 2017ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 3 ബില്ല്യന്‍ ഒമാനി റിയാല്‍ ആണ് സമാഹരിക്കപെട്ടത്.