മന്‍മോഹന്റെ ദേശസ്‌നേഹത്തെ ചോദ്യംചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍: വിശദീകരണം അംഗീകരിച്ച് കോണ്‍ഗ്രസ്

single-img
27 December 2017

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍.

മന്‍മോഹന്‍ സിംഗിനെയോ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെയോ മനഃപ്പൂര്‍വം അപമാനിക്കാന്‍ നരേന്ദ്ര മോദി ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഇരുവരോടും അവര്‍ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയിലും വളരെ ആദരവാണു ഞങ്ങള്‍ക്കുള്ളതെന്നും ജയ്റ്റ്‌ലി പറഞ്ഞു.

അതേസമയം ബിജെപിയുടെ വിശദീകരണം അംഗീകരിച്ച പ്രതിപക്ഷം, നിലപാടില്‍ നന്ദി പറയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ അന്തസ്സിനു കോട്ടം തട്ടുന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അതുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നും ഭാവിയില്‍ അത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് ആഗ്രഹമെന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിച്ച ഗുലാം നബി ആസാദ് പറഞ്ഞു.

ഗുജറാത്തിലെ പാലന്‍പുരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പാക്കിസ്ഥാനും കൈകോര്‍ക്കുന്നുവെന്ന ഗുരുതരമായ ആരോപണം മോദി ഉന്നയിച്ചത്. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സ്വവസതിയില്‍ ഇന്ത്യയിലെ പാക്കിസ്ഥാന്‍ സ്ഥാനപതി ഉള്‍പ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയെന്നും മുന്‍ പാക് വിദേശകാര്യമന്ത്രി, ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.