കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ജനുവരി മുതൽ നടപ്പിലാകും

single-img
27 December 2017

ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാംനിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ജനുവരി ഒന്നിന് നിലവില്‍വരും. കെ.എ.എസിന്‍റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

സെക്രട്ടേറിയറ്റിലെ സര്‍വീസ് സംഘടനകളുടെ കടുത്ത എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നത്. അതേസമയം കെ.എ.എസ്. രൂപീകരിക്കുന്നതിന്‍റെ ഭാഗമായി സര്‍വീസ് സംഘടനകളുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ചട്ടങ്ങള്‍ക്ക് അവസാന രൂപം നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്നതലത്തിലുള്ള ഭരണകാര്യങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്  രൂപീകരിക്കുന്നത്. മൂന്ന് ധാരകള്‍ വഴിയാണ് നിയമനം.

  1. നേരിട്ടുള്ള നിയമനം. പ്രായപരിധി  32 വയസ്സ്. പിന്നോക്ക വിഭാങ്ങള്‍ക്കും എസ്.സി.എസ്.ടി കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത -സര്‍വ്വകലാശാല ബിരുദം.

  2.  നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനം. പ്രായപരിധി 40 വയസ്സ്, വിദ്യാഭ്യാസ യോഗ്യത -ബിരുദം. ഫസ്റ്റ് ഗസറ്റഡ് തസ്തികയിലോ അതിനുമുകളിലോ വരാത്ത സ്ഥിരം ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സര്‍വ്വീസില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയായിരിക്കണം.

  3. ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സ്. യോഗ്യത -ബിരുദം.