കുഴല്‍ക്കിണറില്‍ ഏഴ് മണിക്കൂര്‍; മൂന്നു വയസ്സുകാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി

single-img
26 December 2017

ഒഡീഷയില്‍ കുഴല്‍ കിണറില്‍ വീണ മുന്നുവയസുകാരിയെ ഏഴുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. രാധ സാധുവെന്ന കുട്ടിയാണ് കുഴല്‍ക്കിണറില്‍നിന്നു ജീവിതത്തിലേക്ക് അദ്ഭുതകരമായി കരകയറിയത്. ചികില്‍സയില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജമുനാലി പഞ്ചായത്തിലെ ഗുലസാര്‍ സ്വദേശി സന്തോഷ് സാധുവിന്റെ മകളാണ് രാധ. കൂട്ടുകാരുമായി കളിക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് രാധ കുഴല്‍ക്കിണറിലേക്ക് വീണത്. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വൈകിട്ട് 4.45 ന് രക്ഷപ്പെടുത്തി.

കുട്ടിയെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 15 അടിയോളം താഴ്ചയുള്ളതാണ് കുഴല്‍ കിണര്‍. ഇതിന്റെ ആറടിയോളം താഴെയാണ് കുട്ടി കുടുങ്ങി കിടന്നത്. തുടര്‍ന്ന് കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴി ഉണ്ടാക്കിയാണ് കുട്ടിയെ രക്ഷിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അഭിനന്ദിച്ചു. ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസം വര്‍ധിപ്പിക്കും. രാധ എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പ്രാര്‍ഥിക്കുന്നതായും പട്‌നായിക് കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.