ഇത്രയും തരം താഴരുത്: കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയോട് നടന്‍ പ്രകാശ് രാജ്

single-img
26 December 2017

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. ഒരാള്‍ മതേതരവാദിയാണ് എന്നതിന് സ്വന്തമായി മതവും വിശ്വാസവും ഇല്ലാത്തവന്‍ എന്ന് അര്‍ഥമില്ലെന്ന് പ്രകാശ് രാജ് പറയുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അനന്ത് കുമാര്‍ ഹെഗ്‌ഡെയ്ക്കുള്ള തുറന്ന കത്തിലാണ് പ്രകാശ് രാജിന്റെ വിമര്‍ശനം.

‘മതേതരത്വം എന്നാല്‍ സ്വന്തമായി മതവും വിശ്വാസവും ഇല്ലാത്തവന്‍ എന്നല്ല. നാനാമതങ്ങളെ ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ്. ഇത്തരം വില കുറഞ്ഞ വാക്കുകളിലൂടെ ഒരാള്‍ക്ക് എങ്ങനെ ഇത്രയും തരംതാഴാന്‍ കഴിയും’ കത്തില്‍ പ്രകാശ് രാജ് ചോദിച്ചു.

മതേതരര്‍ എന്നും പുരോഗമനവാദികള്‍ എന്നും സ്വയം വിശേഷിപ്പിക്കുന്നവര്‍ സ്വന്തം മാതാപിതാക്കളുടെ രക്തം തിരിച്ചറിയാത്തവരാണെന്നും, അത്തരം തിരിച്ചറിയലുകളിലൂടെയാണ് ഒരാള്‍ക്ക് ആത്മാഭിമാനം ഉണ്ടാകുന്നതെന്നുമായിരുന്നു അനന്തകുമാറിന്റെ പ്രസ്താവന. ഭരണഘടന കാലോചിതമായി പരിഷ്‌കരിക്കണം എന്ന് അഭിപ്രായപ്പെട്ട അനന്ത് കുമാര്‍ ‘അതിനായാണ് തങ്ങള്‍ വന്നിരിക്കുന്നതെന്നും പറഞ്ഞിരുന്നു.

മുന്‍പും ഇത്തരത്തിലുള്ള വിവാദപ്രസ്താവനകള്‍ നടത്തിയിട്ടുള്ള ആളാണ് നൈപുണ്യ വികസനത്തിന്റെയും സംരംഭകത്വത്തിന്റെയും ചുമതല വഹിക്കുന്ന അനന്ദകുമാര്‍. ഇസ്ലാമിനെ ഭീകരവാദവുമായി ബന്ധിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന് ഹെഗ്‌ഡെ നിയമനടപടി നേരിട്ടിരുന്നു.