മുഖ്യശത്രു ബി.ജെ.പിയും ആര്‍.എസ്.എസും തന്നെയെന്ന് പിണറായി; ‘കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നു’

single-img
26 December 2017

തൃശൂര്‍: സി.പി.എമ്മിന്റെ മുഖ്യരാഷ്ട്രീയ ശത്രു ബി.ജെ.പിയും ആര്‍.എസ്.എസും തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ആഗോളവത്ക്കരണ നയങ്ങളുടെ വക്താക്കളായ കോണ്‍ഗ്രസിനെ അതേ നയങ്ങള്‍ തുടരുന്ന ബി.ജെ.പിക്ക് എതിരായ സഖ്യത്തില്‍ ചേര്‍ക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തൃശൂരില്‍ സിപി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനവും ജിഎസ്ടിയും ഏല്‍പിച്ച ആഘാതം ഒരു ഭാഗത്ത് നില്‍ക്കുമ്പോഴാണ് ന്യൂനപക്ഷ വേട്ടയും വര്‍ഗീയ സംഘര്‍ഷവും മറുഭാഗത്ത് നിര്‍ബാധം തുടരുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ്. അധികാരങ്ങള്‍ തങ്ങളിലേക്ക് കേന്ദ്രീകരിക്കുക എന്നതാണ് ആര്‍എസ്എസ് അജണ്ട. ഫെഡറല്‍ ജനാധിപത്യ മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്നു. നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ സാമൂഹ്യസ്ഥിതി തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരിമിതികള്‍ക്കിടയിലും സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ കടലോര മേഖലയുടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുക, ബദല്‍ ഉയര്‍ത്തുക എന്ന കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഭരണം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.