സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോൾ ആന്റണി ചുമതലയേൽക്കും

single-img
26 December 2017

മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ പോള്‍ ആന്റണിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ വ്യവസായ വകുപ്പ് സെക്രട്ടറിയാണിദ്ദേഹം.

നിലവിലെ ചീഫ് സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാം ഈമാസം 31ന് വിരമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കെഎസ്ഇബി ലിമിറ്റഡിന്റെ ചെയര്‍മാനും എംഡിയുമായി പോൾ ആന്റണി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കെഎം എബ്രഹാമിന് ശേഷം ഡോ. എകെ ദുബൈ, അരുണ്‍ സുന്ദര്‍രാജന്‍ എന്നിവരുടെ പേരുകളാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞ് കേട്ടിരുന്നത്. എന്നാല്‍ ഇവര്‍ കേരളത്തിലേക്ക് വരാന്‍ താല്‍പര്യം കാണിക്കാത്ത സാഹചര്യത്തിലാണ് പോള്‍ ആന്റണിയെ പരിഗണിച്ചിരിക്കുന്നത്. നളിനി നെറ്റോ വിരമിച്ച ഒഴിവിലാണ് കെഎം എബ്രഹാം ചീഫ് സെക്രട്ടറിയായത്.

മുൻമന്ത്രി ഇ.പി.ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പോൾ ആന്റണിയെ മൂന്നാംപ്രതിയാക്കിയിരുന്നു. എഫ്ഐആർ റജിസ്റ്റർ ചെയ്തതിനെ തുടർന്നു വ്യവസായ സെക്രട്ടറിയായി തുടരുന്നതിൽ ധാർമികതയില്ലെന്നു ചൂണ്ടിക്കാട്ടി പോൾ ആന്റണി ചീഫ് സെക്രട്ടറിക്കു കത്ത് നൽകിയിരുന്നു. എന്നാൽ, വ്യവസായമന്ത്രി എ.സി.മൊയ്തീൻ, ആന്റണിയുടെ പ്രവർത്തനത്തിൽ പൂർണതൃപ്തനാണെന്നാണ് അറിയിച്ചത്.