ഫഹദ് ഫാസിലിന്റെ മൊഴി: വാഹന ഡീലര്‍മാരും പ്രതികളാകും

single-img
26 December 2017

ഫഹദ് ഫാസിലിന്റെ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാഹന ഡീലര്‍മാരും പ്രതികളാകും. ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡീലര്‍മാരെയും പ്രതികളാക്കുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ വ്യാജരേഖ ചമച്ചതില്‍ ഡീലര്‍മാര്‍ക്കുള്ള പങ്കിനെപ്പറ്റി ഫഹദ് മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് ഡല്‍ഹിയിലും ബെംഗളൂരുവിലുമുള്ള ഡീലര്‍മാരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇവരെ വൈകാതെ ചോദ്യം ചെയ്യും. കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് ഇവിടെ എത്തിച്ച് തരുന്നതിന് ഡീലര്‍മാര്‍ പാക്കേജ് മുന്നോട്ടുവച്ചു. താന്‍ അത് അംഗീകരിക്കുകയാണ് ചെയ്തത്.

അല്ലാതെ നികുതി സംബന്ധമായ കാര്യങ്ങള്‍ തനിക്കറിയില്ലായിരുന്നു. കാര്‍ വാങ്ങാനും താന്‍ പോയിട്ടില്ല. നിയമം ലംഘിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. എത്ര പിഴ വേണമെങ്കിലും നല്‍കാന്‍ തയാറാണെന്നും ഫഹദ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.

രണ്ടു പേരുടെ ആള്‍ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം. ഫഹദിന് കാര്‍ വിറ്റ ഡീലര്‍മാരെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം ഉടന്‍ യാത്ര തിരിക്കും. ഇതിനിടയ്ക്ക് പുതുച്ചേരിയില്‍ ഫ്‌ളാറ്റ് വാങ്ങി നല്‍കാമെന്നും അതുവഴി നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെന്നും അറിയിച്ച് ഫഹദിനെ ചിലര്‍ സമീപിച്ചതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.