നടി റിമാ കല്ലിങ്കലിന് ‘പൊങ്കാലയിട്ട്’ മമ്മൂട്ടി ആരാധകര്‍

single-img
24 December 2017

റിമാ കല്ലിങ്കലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മമ്മൂട്ടി ആരാധകരുടെ അസഭ്യവര്‍ഷം. ഭര്‍ത്താവായ ആഷിക് അബു സംവിധാനം ചെയ്ത പുതിയ ചിത്രം മായാ നദിയുടെ ചില പ്രമോഷനുകള്‍ സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ ചേര്‍ത്തതോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ചുമാത്രമായി തുടങ്ങിയ തെറിവിളി അതിന്റെ പൂര്‍ണ രൂപത്തിലെത്തിയത്.

മായാ നദി എന്ന ആഷിക് അബു ചിത്രം ഡീഗ്രേഡ് ചെയ്തും സിനിമയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്. ‘കാണില്ലാന്ന് മാത്രമല്ല, കാണാന്‍ പോകുന്നവരെക്കൂടി പിന്തിരിപ്പിക്കും. ഇത് നിങ്ങള്‍ നാല് ഫെമിനിച്ചികള്‍ കൂടി അങ്ങ് വിജയിപ്പിച്ചാട്ട്’, എന്ന കമന്റാണ് കൂടുതല്‍ തവണ മമ്മൂട്ടി ആരാധകര്‍ ആവര്‍ത്തിക്കുന്നത്.

കസബയെ കുറിച്ച് പാര്‍വതി പറഞ്ഞപ്പോള്‍ അടുത്തിരുന്ന റിമ ചിരിച്ചു എന്നതാണ് മമ്മൂട്ടി ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഗീതു മോഹന്‍ദാസും തെറ്റുകാരിയാണെന്നും അവരുടെ അടുത്ത ചിത്രം വരട്ടെ എന്ന് വെല്ലവിളിക്കാനും ഇവര്‍ മടികാണിക്കുന്നില്ല.