തമിഴക രാഷ്ട്രീയത്തെയും സര്‍ക്കാരിനെയും ഞെട്ടിച്ച് ആര്‍കെ നഗര്‍: ടി.ടി.വി.ദിനകരന് ഗംഭീര വിജയം

single-img
24 December 2017

ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന് വലിയ വിജയം. 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. നിലവിലെ എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് ഭീഷണിയാകുന്നതാണ് ദിനകരന്റെ വിജയം.

അതേസമയം കനത്ത തോല്‍വിയാണ് ഡിഎംകെ ഏറ്റുവാങ്ങിയത്. കെട്ടിവെച്ച കാശുപോലും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. 176000 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ദിനകരന്‍ 89103 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ ജയലളിത നേടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷമാണ് ദിനകരന് ലഭിച്ചത്.

തുടക്കം മുതലേ ലീഡ് നിലനിർത്തി മുന്നേറിയ ദിനകരൻ, എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമാണ് എല്ലാ റൗണ്ടുകളിലും കാഴ്ചവച്ചത്. ദിനകരന്റെ ജയം, സർക്കാരിനും അണ്ണാ ഡിഎംകെയിലെ പളനിസാമി–പനീർസെൽവം സഖ്യത്തിനും ഭീഷണിയാണ്. മൂന്നു മാസത്തിനകം സർക്കാരിനെ വീഴ്ത്തുമെന്ന ദിനകരന്റെ ഭീഷണി ഇരുവർക്കും തള്ളിക്കയാനാവില്ല.

കേന്ദ്രം ഭരിക്കുന്ന ബിജെപി നോട്ടയ്ക്കും പിന്നില്‍ ആറാമതായാണ് എത്തിയത്. 2000 വോട്ടുകള്‍ പോലും തികച്ച് നേടാന്‍ ബിജെപിക്ക് സാധിച്ചില്ല എന്നത് നാണക്കേടായി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളെ മുഴുവന്‍ ഞെട്ടിക്കുന്ന തരത്തിലാണ് സ്വതന്ത്രനായി മത്സരിച്ച് ദിനകരന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.

ദിനകര പക്ഷം പോലും ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിവരം. എക്‌സിറ്റ് പോള്‍ പ്രവചനം ദിനകരനെ പിന്തുണയ്ക്കുന്നതായിരുന്നു. എന്നാല്‍ 37 ശതമാനം മാത്രമാണ് ദിനകരന്‍ നേടുന്ന വോട്ടെന്നായിരുന്നു എക്‌സിറ്റ് പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ 50 ശതമാനത്തിലേറെ വോട്ടുകളാണ് ഇപ്പോള്‍ ദിനകരന് ലഭിച്ചിരിക്കുന്നത്.