അശ്വിനും ജഡേജയും പുറത്ത്; കോഹ്ലി തിരിച്ചെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

single-img
24 December 2017

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തിന് 17 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മധ്യനിര ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവും ഷര്‍ദുല്‍ ഠാകുറും ടീമില്‍ ഇടംപിടിച്ചു. ഏകദിന ട്വന്റി20 സ്‌പെഷലിസ്റ്റുകളായി കുല്‍ദീപ് യാദവിനെയും യുസ്വേന്ദ്ര ചഹലിനെയും സെലക്ടര്‍മാര്‍ ഉറപ്പിച്ചതോടെ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ഇത്തവണയും ടീമിലേക്ക് തിരിച്ചുവന്നില്ല.

എന്നാല്‍, ഏറെ നാള്‍ ടെസ്റ്റില്‍ മാത്രം പന്തെറിഞ്ഞ പേസര്‍ മുഹമ്മദ് ഷമിയെ ടീമിലുള്‍പ്പെടുത്തി. വിരാട് കോഹ്ലി ക്യാപ്റ്റനായി ടീമിലേക്ക് തിരിച്ചെത്തും. ലങ്കക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യറെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കൈക്ക് പരിക്കേറ്റതോടെയാണ് കേദാര്‍ ജാദവ് ലങ്കക്കെതിരായ ടീമില്‍നിന്ന് പുറത്താവുന്നത്. ടീമിലുണ്ടായിരുന്നെങ്കിലും ഷര്‍ദുല്‍ ഠാകുറിന് ലങ്കക്കെതിരെ ഒരു മത്സരത്തില്‍പോലും കളത്തിലിറങ്ങാനായിരുന്നില്ല.

ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, എം.എസ്. ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, അക്‌സര്‍ പേട്ടല്‍, ഷര്‍ദുല്‍ ഠാകുര്‍, ഭുവനേശ്വര്‍ കുമാര്‍.