ഗവർണർക്കും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം

single-img
23 December 2017

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സിപിഎം പ്രവര്‍ത്തകര്‍ സമാധാനം ആഗ്രഹിക്കുന്നില്ല. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ഉന്മൂലനം ചെത്  രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് സിപിഎം ലക്ഷ്യമിടുന്നതെന്നും കുമ്മനം ആരോപിച്ചു.

കൊലപാതക രാഷ്ട്രീയം മൂലം സിപിഎം ഒറ്റപ്പെടുന്ന സാഹചര്യമാണ്. അതുകൊണ്ട് തന്നെ കൊലപാതകം എന്നത് മാറ്റി കൊല്ലാക്കൊല രാഷ്ട്രീയമാണ് ഇപ്പോള്‍ സിപിഎം നടപ്പാക്കുന്നത്. ആക്രമണം നടത്തുന്നത് വഴി ജീവിതകാലം മുഴുവന്‍ ഒരാളെ നരകിക്കാന്‍ വിടുന്ന നയമാണ് സിപിഎം ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പോലീസ് സിപിഎം പക്ഷം ചേരുന്നുവെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

മനുഷ്യാവകാശ കമ്മീഷൻ പ്രശ്നത്തില്‍ ഇടപെടണമെന്നും കുമ്മനം പറഞ്ഞു. അക്രമവും ആരാജകത്വവും  നടക്കുമ്പോൾ ഗവര്‍ണര്‍ നിഷ്ക്രിയനായി നോക്കി നില്‍ക്കുന്നത് കുറ്റകരമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഗവർണര്‍ കാഴ്ചക്കാരനായി നിൽക്കരുതെന്നും കാര്യങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ കേന്ദ്ര ഇടപെടൽ ആവശ്യമായി വരുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.