സൗദിക്കെതിരെയുള്ള മിസൈല്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍?

single-img
23 December 2017


സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിന് നേരെ ഹൂത്തികള്‍ അയച്ച മിസൈലിന് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി അമേരിക്ക. സൗദി പ്രതിരോധനിര തകര്‍ത്ത മിസൈല്‍ അവശിഷ്ടങ്ങളില്‍നിന്ന് ഇറാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലി ആരോപിച്ചു. ഇറാനെതിരെയുള്ള തെളിവുകള്‍ ശക്തമാണെന്നും ഇത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയുന്നതല്ലെന്നുമാണ് അമേരിക്കന്‍ ആരോപണം. മിസൈലുകളില്‍ ഇറാന്‍ നിര്‍മ്മിത മുദ്രകളുണ്ട്. സൗദിക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിലൂടെ ഇറാന്‍ യുഎന്‍ രക്ഷാസമിതിയുടെ വ്യവസ്ഥകളെ ലംഘിച്ചിരിക്കുകയാണെന്ന് യുഎസ് കുറ്റപ്പെടുത്തി.

നിക്കി ഹാലിയുടെ ആരോപണത്തിന് പിന്നാലെ ഇറാനെതിരെയുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ശക്തിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അമേരിക്ക ഉന്നയിച്ച ആരോപണങ്ങളെ പാടേ നിഷേധിക്കുകയാണ് ഇറാനി ഭരണകൂടം. അടിസ്ഥാനരഹിത ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ യുഎസ് നടത്തുന്ന ജല്‍പ്പനങ്ങളെ ലോകം തള്ളുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.