ഡൽഹി ആശ്രമത്തിലെ തടങ്കലിൽ നിന്നും രക്ഷിച്ചത് 41 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ

single-img
22 December 2017

ഡൽഹി: രോഹിണിയിലെ ആധ്യാത്മിക് വിശ്വവിദ്യാലയ എന്ന ആശ്രമത്തിൽ നിന്നും ഡൽഹി വനിതാ കമ്മീഷനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്ന് രക്ഷിച്ചത് 41 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയെന്ന് റിപ്പോർട്ട്.

ബാബാ വീരേന്ദ്ര ദീക്ഷിത് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആശ്രമത്തിൽ നൂറുകണക്കിനു സ്ത്രീകളെ തടങ്കലിൽ സൂക്ഷിച്ചിരിക്കുന്നതായി കാണിച്ച് ഫൌണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് എന്ന എൻ ജി ഓ നൽകിയ പൊതുതാല്പര്യ ഹർജ്ജിയിന്മേൽ ഡൽഹി ഹൈക്കോടതി രൂപീകരിച്ച പ്രത്യേക പാനലാണു ഈ ആശ്രമത്തിൽ റെയിഡ് നടത്തി കുട്ടികളെ രക്ഷിച്ചത്. കഴിഞ്ഞ നവംബര്‍ ഒമ്പതിന് രാജസ്ഥാനില്‍നിന്ന് കാണാതായ പെണ്‍കുട്ടിക്കായുള്ള അന്വേഷണമാണ് ആശ്രമത്തിന്റെ കള്ളികള്‍ വെളിച്ചത്തുകൊണ്ടുവന്നത്.

ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാളിന്റെ നേതൃത്വത്തിലായിരുന്നു റെയിഡ്. ബുധനാഴ്ച പരിശോധനയ്ക്കെത്തിയ പോലീസും വനിതാ കമ്മിഷന്‍ അംഗങ്ങളും ഉള്‍പ്പെടുന്ന സംഘത്തെ നടത്തിപ്പുകാര്‍ കെട്ടിടത്തിനുള്ളില്‍ പൂട്ടിയിട്ടു. ഇവര്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് ഇരുമ്പുവാതില്‍ മുറിച്ചാണ് പുറത്ത് കാവലുണ്ടായിരുന്ന പോലീസുകാര്‍ രക്ഷിച്ചത്.

വിശ്വവിദ്യാലയയിലെ ഭരണവിഭാഗം മേധാവി രുചിക ഗുപ്ത ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇതിന്റെ സ്ഥാപകന്‍ വീരേന്ദര്‍ ദേവ് ദീക്ഷിത് ഇപ്പോള്‍ നേപ്പാളിലാണെന്നാണ് വിവരം. രോഹിണിക്കുപുറമേ ഇന്ദോര്‍ (മധ്യപ്രദേശ്), കഖടിയ (ബിഹാര്‍), റോത്തക്ക് (ഹരിയാണ) എന്നിവിടങ്ങളിലും ഇവര്‍ക്ക് സ്ഥാപനങ്ങളുണ്ട്.

പെൺകുട്ടികളെല്ലാം മയക്കുമരുന്നിന്റെ അധീനതയിൽ മയങ്ങിയ അവസ്ഥയിലായിരുന്നുവെന്ന് സ്വാതി മലിവാൾ മാധ്യമങ്ങളോട് പറഞ്ഞു. മയക്കുമരുന്ന്, സിറിഞ്ചുകള്‍, ആശ്രമത്തിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് പെണ്‍കുട്ടികള്‍ എഴുതിയ കത്തുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. 160 പെണ്‍കുട്ടികളാണ് ഇവിടെ താമസിച്ചിരുന്നത്.

“ആശ്രമത്തിലെ ബാബ വീരേന്ദർ ദീക്ഷിത് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പതിമൂന്നുവയസ്സുള്ള ഒരു പെൺകുട്ടി മൊഴിനൽകിയിട്ടുണ്ട്. ആശ്രമത്തിനുള്ളിൽ നിറയെ പലതരം മരുന്നുകൾ സ്റ്റോക്ക് ചെയ്തിരിക്കുകയാണു. ഈ മരുന്നുകൾ കുത്തിവെച്ചാകണം പെൺകുട്ടികൾ ഒരുതരം മയങ്ങിയ അവസ്ഥയിലായിരുന്നു.” സ്വാതി മലിവാൾ മാധ്യമങ്ങളോട് പറഞ്ഞു.

ആശ്രമത്തിൽ നിന്നും രക്ഷിച്ച പെൺകുട്ടികളെ കൌൺസിലിംഗിനു വിധേയമാക്കുമെന്നും അവരുടെ മാതാപിതാക്കളെ കണ്ടെത്തി അവരെ വീടുകളിൽ തിരിച്ചെത്തിക്കുമെന്നും സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു.

സർവ്വകലാശാലയെന്നാണു ആശ്രമത്തിനു മുന്നിലെ ബോർഡിലുള്ളതെങ്കിലും അവിടെ നടക്കുന്നത് പെൺവാണിഭമായിരുന്നുവെന്ന് ആശ്രമത്തിന്റെ പരിസരത്ത് താമസിച്ചിരുന്നവർ മാധ്യമങ്ങളോട് പറഞ്ഞു. രാത്രികളില്‍ പലപ്പോഴും നിലവിളി കേള്‍ക്കാറുണ്ടായിരുന്നെന്നും സമീപവാസികള്‍ പറയുന്നു.

പുറത്തുനിന്നാര്‍ക്കും അകത്തേക്ക് പ്രവേശനവുമില്ല. രാജ്യത്തിന്റെ പലയിടങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളാണ് ഇവിടത്തെ അന്തേവാസികള്‍. ഇരുമ്പുവാതിലുകളാല്‍ അടച്ചുകെട്ടിയ കെട്ടിടത്തില്‍ സൂര്യപ്രകാശം കടക്കാന്‍പോലും പഴുതില്ല. ജയിലിന് സമാനമായ രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മിതി. ജനല്‍ക്കമ്പികളിലും വരാന്തയിലെ വേലിക്കെട്ടുകളിലും വൈദ്യുതിപ്രവാഹമുണ്ടായിരുന്നു.

സംഭവത്തിൽ സി ബി ഐ അന്വേഷണത്തിനു ഇന്നലെ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബാബാ വീരേന്ദ്ര ദീക്ഷിതിനെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.