‘ഓഖി’ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി

single-img
22 December 2017

കേരള, തമിഴ്നാട് തീരങ്ങളിൽ നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ലോക്സഭയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ല. എന്നാൽ, ഈ സാഹചര്യത്തെ അതീവ ഗുരുതരമായാണ് കേന്ദ്ര സർക്കാർ കാണുന്നത്. ലഭ്യമായ എല്ലാ മുന്നറിയിപ്പുകളും സംസ്ഥാനങ്ങൾക്കു നൽകിയിരുന്നു. ചുഴലിക്കാറ്റിൽപ്പെട്ട് കേരളത്തിൽ മാത്രം 74 പേർ മരിക്കുകയും 215 പേരെ കാണാതാവുകയും ചെയ്തെന്ന് രാജ്നാഥ് സഭയെ അറിയിച്ചു.

അതീവ ഗുരുതര സാഹചര്യമായാണ് ഓഖിദുരന്തത്തെ കാണുന്നതെന്നും രക്ഷാ പ്രവര്‍ത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഏറ്റവും കൂടുതല്‍ ബാധിച്ച കേരളത്തേക്കാള്‍ പ്രാധാന്യം ഗുജറാത്തിന് നല്‍കിയെന്നും കോണ്‍ഗ്രസ് പറഞ്ഞു.

മതിയായ നഷ്ടപരിഹാരം കേന്ദ്രം പ്രഖ്യാപിച്ചില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഓഖിയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സഭയില്‍ ആരോപിച്ചു. അതേസമയം ആഭ്യന്തര മന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.