ദളിത് അധിക്ഷേപം: സൽമാൻ ഖാനും ശില്പാ ഷെട്ടിയ്ക്കും ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്

single-img
22 December 2017

ദളിത് വിരുദ്ധ പരാമർശത്തിന്റെ പേരിൽ ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും ശിൽപ്പാ ഷെട്ടിയ്ക്കും ദേശീയ പട്ടിക ജാതി കമ്മീഷൻ നോട്ടീസ് അയച്ചു. സൽമാനും ശിൽപ്പയും ടെലിവിഷൻ പരിപാടികളിൽ പട്ടികജാതി വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന പദപ്രയോഗങ്ങൾ നടത്തിയതിനെതിരായി ലഭിച്ച പരാതിയിന്മേലാണു നോട്ടീസ്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും ഡൽഹി, മുംബൈ പോലീസ് കമ്മീഷണർമാർക്കും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.

വാൽമീകി സമുദായത്തെ അധിക്ഷേപിക്കുന്ന ‘ഭാംഗി’ എന്ന പദമാണു സൽമാനും ശിൽപ്പയും രണ്ടു വ്യത്യസ്ത വീഡിയോകളിലായി ഉപയോഗിച്ചത്. ഓടയും മറ്റു വൃത്തിയാക്കുന്ന തൊഴിലാളികളെ അധിക്ഷേപിക്കുവാൻ ഉപയോഗിക്കുന്ന ജാതീയമായ പദമാണു ‘ഭാംഗി’. കത്രീന കൈഫുമൊത്തുള്ള ഒരു ടെലിവിഷൻ ഷോയിൽ ഒരു സിനിമയിൽ താൻ അവതരിപ്പിച്ച ഡാൻസ് സ്റ്റെപ്പിനെക്കുറിച്ച് “ ഞാൻ ആ സ്റ്റെപ്പ് കളിക്കുമ്പോൾ ഒരു ഭാംഗിയെപ്പോലെയായിരുന്നു” എന്ന് പരാമർശിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയായിരുന്നു. കൂട്ടത്തിൽ ശിൽപ്പാ ഷെട്ടിയുടെയും സമാനമായ ഒരു പരാമർശം ചർച്ചയായി. “വീട്ടിലായിരിക്കുമ്പോൾ എന്നെക്കന്റാൽ ഒരു ഭാംഗി ലുക്ക് ആണു” എന്നായിരുന്നു ശിൽപ്പാ ഷെട്ടി ഒരു ടെലിവിഷൻ ഷോയിൽ പറഞ്ഞത്.

താരങ്ങളുടെ ഈ ജാതീയ പരാമർശത്തിനെതിരേ നിരവധി വിമർശനങ്ങളും പരാതികളും ഉയർന്നുവന്നു. വാൽമീകി സമാജ് ആക്ഷൻ കമ്മിറ്റിയുടെ ഡൽഹി ഘടകം ഇവർക്കെതിരേ ഡൽഹി പോലീസിൽ പരാതി നൽകി.

बॉलीवुड एक्टर सलमान खान और शिल्पा शेट्टी द्वारा वाल्मीकि समाज के लोगों के लिए जातिसूचक शब्द बोलने पर वाल्मीकि समाज एक्शन कमेटी ने दर्ज कराई शिकायत

Posted by Valmiki Samaj Action Committee Delhi Pradesh on Thursday, December 14, 2017

അജ്മീരിൽ വാൽമീകി സമുദായക്കാർ നടത്തിയ പ്രതിഷേധത്തിൽ താരങ്ങളുടെ കോലം കത്തിച്ചു. യുപിയിലെ മൊറാദാബാദിലും സമാനമായ പ്രതിഷേധം നടന്നു.

ഡൽഹി കമ്മീഷൻ ഫോർ സഫായി കർമ്മചാരിസിന്റെ മുൻ ചെയർമാൻ ആയിരുന്ന ഹർനം സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പട്ടികജാതി കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.