മന്‍മോഹന്‍ സര്‍ക്കാരിനെ വിവാദത്തിലാഴ്ത്തിയ ടുജി സ്പെക്‌ട്രം കേസില്‍ വിധി ഇന്ന്.

single-img
21 December 2017

ന്യൂഡല്‍ഹി:ടുജി സ്‌പെക്ട്രം കേസില്‍ വിധി ഇന്ന്.ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വിധി പറയുക.കേസിലെ എല്ലാ പ്രതികള്‍ ഇന്ന് ഹാജരാകണം എന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.മുന്‍ ടെലികോം മന്ത്രി എ രാജയടക്കം നിരവധി പേരാണ് കേസില്‍ പ്രതിപട്ടികയിലുള്ളത്.

രണ്ടാം യുപിഎ സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ അഴിമതിയാണ് 2 ജി സ്പെക്‌ട്രം അനുവദിച്ചതിലൂടെയുണ്ടായത്. 2 ജി സ്പെക്‌ട്രം ലേലം ചെയ്തതില്‍ 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നതായാണ് ആരോപണം. സിബിഐ രജിസ്റ്റര്‍ ചെയ്ത രണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലുമാണ് പ്രത്യേക സിബിഐ കോടതി വിധി പറയുക.

മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന 2011 ല്‍ പുറത്തുവന്ന അഴിമതിക്കേസിലെ തിരിച്ചടിയില്‍ നിന്നും കോണ്‍ഗ്രസിന് ഇതുവരെ തിരിച്ചു കയറാന്‍ കഴിഞ്ഞിട്ടില്ല. കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മര്‍ദ്ദം എന്നാണ് 2011-ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഴിമതി തടയാനാകാത്ത സ്ഥിതിയെ ന്യായീകരിച്ചത്.

കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച്‌ ആറര വര്‍ഷം പിന്നിട്ട ശേഷമാണ് കേസിലെ വിധി വരുന്നത്. ടെലികോം മന്ത്രിയായിരുന്ന എ രാജ പ്രധാനമന്ത്രിയെ അടക്കം തെറ്റിധരിപ്പിച്ച്‌ ഇഷ്ടക്കാര്‍ക്ക് സ്പെക്ര്ടം വഴിവിട്ട് അനുവദിച്ചുവെന്ന് സിബിഐ കണ്ടെത്തി. രാജയെ മന്ത്രിയാക്കാനായി കനിമൊഴി ഇടപെടല്‍ നടത്തിയെന്നും ഇതിലൂടെ കലൈഞ്ജര്‍ ടിവിക്ക് വേണ്ടി 200 കോടി രൂപ നേടിയെടുത്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

എ രാജയ്ക്കും കനിമൊഴിക്കും പുറമെ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹുറയുള്‍പ്പടെ 12 വ്യക്തികളും 3 ടെലികോം കമ്പനികളുമാണ് പ്രതിപട്ടികയിലുള്ളത്. സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ്, റിലയന്‍സ് ടെലികോം ലിമിറ്റഡ്, യുണിടെക് വയര്‍ലെസ് ലിമിറ്റഡ് എന്നിവയാണ് മൂന്ന് കമ്പനികള്‍.