എംപി വീരേന്ദ്രകുമാര്‍ രാജിവച്ചു: രാജിവയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് രമേശ് ചെന്നിത്തല

single-img
20 December 2017

എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന് കൈമാറി. ജെഡിയു കേരള ഘടകത്തിന്റെ ഏക രാജ്യസഭാ അംഗമാണ് വീരേന്ദ്രകുമാര്‍. നിതീഷ് കുമാറിന്റെ എംപിയായി തുടരാനില്ലെന്ന് നേരത്തേ വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം രാജിയ്ക്ക് ശേഷം ഇടതുമുന്നണിയില്‍ ചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബിഹാറില്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബിജെപിയോടൊപ്പം ചേര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. നിതീഷ് കുമാറിന്റെ തീരുമാനങ്ങളെ തള്ളിയ ശരത് യാദവിനൊപ്പമാണ് ജെഡിയു കേരള ഘടകം ഇപ്പോള്‍.

ഇടതുമുന്നണിയിലേക്ക് തിരിച്ച് പോകുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും എല്‍ഡിഎഫിലേക്ക് പോകണോ എന്ന കാര്യം പാര്‍ട്ടിയുടെ സംസ്ഥാനസമിതിയാണ് തീരുമാനിക്കേണ്ടതെന്നും അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്.
വീരേന്ദ്രകുമാര്‍ രാജ്യസഭാ അംഗത്വം രാജിവയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ വോട്ട് നേടിയല്ല, യുഡിഎഫിന്റെ പിന്തുണയോടെയാണ് വീരേന്ദ്രകുമാര്‍ വിജയിച്ചതെന്ന് ഓര്‍ക്കണമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

ജേക്കബ് തോമസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരെ കൊണ്ടുനടന്ന് രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ അനന്തരഫലമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.