‘ഷെറിന്‍ മാത്യൂസിന്റെ വിധി വരരുത്’: തിരുവനന്തപുരത്ത് ദത്ത് നല്‍കിയ കുട്ടിയെ ശിശുക്ഷേമ സമിതി തിരിച്ചെടുത്തു

single-img
20 December 2017


തിരുവനന്തപുരം: ദത്തെടുത്ത കുട്ടിയെ ദമ്പതികള്‍ ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ശിശുക്ഷേമസമിതി കുട്ടിയെ തിരികെയെടുത്തു. ആറുവയസുള്ള ആണ്‍കുട്ടിയെ ദത്തെടുത്ത മാതാപിതാക്കള്‍ മര്‍ദ്ദിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടിയെ പട്ടത്തെ വീട്ടില്‍ നിന്നും തിരിച്ചുകൊണ്ടുപോകുകയായിരുന്നു.

സംസ്ഥാനത്ത് ആദ്യമായാണ് ദത്തുനല്‍കിയ കുട്ടിയെ തിരികെ കൊണ്ടുവരുന്നത്. അടുത്തിടെ അമേരിക്കയില്‍ ദത്തെടുത്ത കുട്ടിയെ മാതാപിതാക്കള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശിശുക്ഷേമസമിതിയുടെ നടപടി.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ശിശുക്ഷേമ സമിതിയില്‍ നിന്നാണ് ബംഗാള്‍ സ്വദേശികളും കേന്ദ്ര സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായ സോമനാഥ് മുഖ്യേപാധ്യയും ഭാര്യ ജയന്തിയും രണ്ടുവയസുള്ള കുഞ്ഞിനെ ദത്തെടുത്തത്. കുട്ടിയെ ദമ്പതികള്‍ ശരിയായി നോക്കുന്നില്ലെന്നു പരാതി ലഭിച്ചതിനെ തുടര്‍ന്നു ദത്തെടുത്തവര്‍ക്കു കൗണ്‍സലിങ് ഉള്‍പ്പെടെ ലഭ്യമാക്കി.

എന്നാല്‍ അടുത്തിടെ വീണ്ടും കുട്ടിയെ മര്‍ദിക്കുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു പരാതി ലഭിച്ചു. തുടര്‍ന്നു സംഭവം അന്വേഷിക്കാന്‍ സമിതി പ്രതിനിധികളെയും പൊലീസിനെയും ചുമതലപ്പെടുത്തി. ഇതിനിടയിലാണ് കുട്ടിക്ക് നെറ്റിക്കു പരുക്കേറ്റതും ശരീരത്തില്‍ അടിയേറ്റ പാടുകളും കണ്ടത്.

തുടര്‍ന്നാണ് അന്വേഷണസംഘം കുട്ടിയെ സമിതിയിലേക്കു തിരികെ കൊണ്ടുവന്നത്. രക്ഷിതാക്കള്‍ നിരന്തരം മര്‍ദിച്ചിരുന്നതായും ഒറ്റയ്ക്ക് ഒരുമുറിയിലാണ് തന്നെ കിടത്തിയിരുന്നതെന്നും കുട്ടി സംഘത്തോടു പറഞ്ഞു. ദമ്പതികള്‍ക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണു ശിശുക്ഷേമ സമിതി. ദത്ത് നല്‍കിയ കുട്ടികളെ കുറിച്ചുള്ള പരിശോധനയും സമിതി കര്‍ക്കശമാക്കും.