കോണ്ടത്തിന്റെ പരസ്യത്തിനു നിയന്ത്രണം: കേന്ദ്ര സർക്കാരിനു രാജസ്ഥാൻ ഹൈക്കോടതിയുടെ നോട്ടീസ്

single-img
20 December 2017

കോണ്ടത്തിന്റെ പരസ്യങ്ങൾ വൈകുന്നേരം ആറുമണിക്കും പത്തുമണിക്കും ഇടയ്ക്ക് പ്രദർശിപ്പിക്കാൻ പാടില്ലെന്ന കേന്ദ്രസർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് രാജസ്ഥാൻ ഹൈക്കോടതി. എന്തുകൊണ്ടാണു ഇത്തരത്തിൽ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെറ്റുത്തിയതെന്ന് വിശദീകരിക്കാനാവശ്യപ്പെട്ടു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കും കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്കുമാണു രാജസ്ഥാൻ ഹൈക്കോടതി നോട്ടീസ് അയച്ചത്.

സംസ്കാരത്തിനും ‘സഭ്യത’യ്ക്കും നിരക്കാത്ത കോണ്ടം പരസ്യങ്ങൾ കുട്ടികൾ കാണാനിടയാകുന്നുവെന്ന് ആരോപിച്ചാണു  കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രൈം ടൈമിൽ ഇത്തരം പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്.

തങ്ങൾക്ക് ഇക്കാര്യത്തിൽ നിരവധി പരാതികൾ ലഭിച്ചുവെന്നവകാശപ്പെട്ട് അഡ്വെർട്ടൈസിംഗ് സ്റ്റാൻഡാർഡ്സ് കൌൺസിൽ ഓഫ് ഇന്ത്യ (ASCI) മന്ത്രാലയത്തിന്റെ നിർദ്ദേശം തേടിയിരുന്നു. ഇതേത്തുടർന്നാണു മന്ത്രാലയം ഇത്തരമൊരു തീരുമാനമെടുത്തത്.

പക്ഷേ കേന്ദ്രസർക്കാർ ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് പോകാനിടയായതിനു പിന്നിൽ മതപരമായ ഒരു കാരണമുണ്ടെന്നും ആരോപണമുണ്ട്. മാൻഫോഴ്സ് എന്ന കോണ്ടം നിർമ്മാണ കമ്പനി, പോൺ അഭിനേത്രിയായ സണ്ണി ലിയോണിന്റെ ചിത്രങ്ങൾ ഉൾപ്പെട്ട പരസ്യ ഹോർഡിംഗുകൾ ഗുജറാത്തിലാകമാനം സ്ഥാപിച്ചിരുന്നു. ഈ ഹോർഡിംഗുകളിൽ “ആ നവരാത്രി രമോ, പരന്തു പ്രേംഥി” ( ഈ നവരാത്രിയ്ക്ക് രമിക്കൂ, പക്ഷേ പ്രേമത്തോടെ) എന്ന പരസ്യവാചകം ഉണ്ടായിരുന്നു. നവരാത്രിയെ ലൈംഗികതയുമായി ബന്ധപ്പെടുത്തിയ ഈ പരസ്യം ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് സൂറത്ത് ആസ്ഥാനമായ ചില സംഘടനകൾ രംഗത്തു വന്നിരുന്നു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് എന്ന വ്യാപാരി സംഘടന ഇതിനെതിരേ ഉപഭോക്തൃ കാര്യ മന്ത്രാലയത്തിനു പരാതിയും നൽകിയിരുന്നു.

ഈ സംഭവമാണു കോണ്ടം പരസ്യങ്ങൾ നിയന്ത്രിക്കുന്ന തരത്തിലേയ്ക്ക് കേന്ദ്രസർക്കാരിനെ എത്തിച്ചതെന്ന് ആരോപണങ്ങളുണ്ട്. കേന്ദ്ര സർക്കാരിന്റെ നടപടി ഏറെ വിവാദങ്ങൾക്കിടയായിരുന്നു. എയിഡ്സ് പോലെയുള്ള നിരവധി രോഗങ്ങൾ തടയുന്നതിനും സന്താനനിയന്ത്രണത്തിനും ഉറകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ട സർക്കാർ സദാചാരത്തിന്റെ പേരിൽ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അപലപനീയമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു രാജസ്ഥാൻ സർക്കാരിന്റെ നോട്ടീസ്.