വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന വെളിപ്പെടുത്തലുമായി ഇവിഎം നിര്‍മ്മാതാക്കള്‍: കൃത്രിമം നടന്നുവെന്ന് ഹാര്‍ദിക് പട്ടേല്‍

single-img
18 December 2017

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സമ്മതിച്ച് ഇ.വി.എം നിര്‍മ്മാതാക്കളായ മൈക്രോചിപ്പ് ഇങ്ക് യു.എസ്.എ. കമ്പനി നിര്‍ദേശിക്കുന്ന തരത്തിലും സാധാരണ സാഹചര്യങ്ങളിലും ഉപയോഗിക്കുകയാണെങ്കില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും സുരക്ഷിതമാണ് ഇവിഎം എന്ന് മൈക്രോചിപ്പ് അവകാശപ്പെടുന്നു.

എന്നാല്‍ കമ്പനി നിര്‍ദേശങ്ങള്‍ മറികടന്ന് ക്രമക്കേട് നടത്താന്‍ ശ്രമിച്ചാല്‍ അതിന് സാധിക്കുമെന്നും മൈക്രോചിപ്പ് ഇങ്ക് പറയുന്നു. എന്നാല്‍ വോട്ടിങ് മെഷീന്‍ സുരക്ഷിതമാണെന്നും ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ അവകാശപ്പെടുന്നത്.

എന്നാല്‍ ജനങ്ങള്‍ക്കു മുമ്പിലും സുപ്രീം കോടതിയിലും തെരഞ്ഞെടുപ്പു കമ്മീഷന്‍ നടത്തിയ അവകാശവാദം തെറ്റാണെന്നാണ് മൈക്രോചിപ്പ് ഇങ്കിന്റെ പ്രസ്താവനയില്‍ നിന്നു വ്യക്തമാകുന്നത്. യുഎസ് കോടതിയില്‍ ഇവിഎം നിര്‍മാതാക്കള്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം, ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ സോഴ്‌സ് കോഡ് ഷെയര്‍ ചെയ്യുന്നത് പോലെ തന്നെയാണ് വോട്ടിങ് മിഷീന്റെ കോഡിന്റെ കാര്യവുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതായത്, വോട്ടിങ് മെഷീന്റെ സോഴ്‌സ് കോഡ് സുരക്ഷിതമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദമാണ് ഇവിടെ പൊളിയുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സോഴ്‌സ് കോഡിന്റെ സുരക്ഷ കമ്പനി ഉറപ്പ് പറയുന്നുണ്ടെങ്കിലും അതിന്റെ അര്‍ത്ഥം മിഷീന്‍ ഹാക്ക് ചെയ്യാന്‍ കഴിയില്ല എന്നതല്ലെന്ന് മൈക്രോചിപ്പ് ഇങ്ക് വ്യക്തമാക്കി. ഏതായാലും ഇവിഎം ഉപയോഗിച്ചുള്ള വോട്ടെടുപ്പിനെ വീണ്ടും സംശയത്തിന്റെ നിഴലില്‍ തന്നെ നിര്‍ത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍.

അതിനിടെ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്ത് എത്തി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമാണ് ഹാര്‍ദിക് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സൂറത്ത്, അഹമ്മദാബാദ്, രാജ്‌കോട്ട് തുടങ്ങിയ മേഖലകളിലെ വോട്ടിംഗ് യന്ത്രങ്ങളിലാണ് കൃത്രിമം നടന്നിരിക്കുന്നത്. ഇക്കാര്യം പരിശോധിക്കണം. വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമത്തിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഹാര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടു.