മോദി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രാജ്യസഭ ഇന്നും പ്രക്ഷുബ്ധം: ‘ഓഖിയില്‍’ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതിഷേധം

single-img
18 December 2017

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ പ്രസ്താവനയില്‍ രാജ്യസഭ ഇന്നും പ്രക്ഷുബ്ധം. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ നേരിട്ടെത്തി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് രംഗത്തെത്തിയതോടെയാണ് രാജ്യസഭ പ്രക്ഷുബ്ധമായത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു രാജ്യസഭ നിര്‍ത്തിവച്ചു.

അതിനിടെ കേരള, തമിഴ്‌നാട് തീരങ്ങളില്‍ വ്യാപക നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള എംപിമാരാണ് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചത്.

ഓഖി ദുരന്തം ചര്‍ച്ച ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തെ തുടര്‍ന്നു ലോക്‌സഭ നിര്‍ത്തിവച്ചു. അതേസമയം ഓഖി ദുരന്തത്തില്‍ പാര്‍ലമെന്റ് അനുശോചനം രേഖപ്പെടുത്തി.