ഗുജറാത്തിലും ഹിമാചലിലും ബിജെപി അധികാരത്തിലേക്ക്

single-img
18 December 2017

അഹമ്മദാബാദ്: ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ ഗുജറാത്തില്‍ ബി.ജെ.പി ഭരണത്തിലേക്ക്. ഒരു ഘട്ടത്തില്‍ പിന്നിട്ടുനിന്ന ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ബി.ജെ.പി ലീഡിലേക്ക് എത്തിയത്. നിലവില്‍ 106 സീറ്റില്‍ ബി.ജെ.പിയും 73 സീറ്റില്‍ കോണ്‍ഗ്രസും മൂന്നിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്.

ആകെ 182 സീറ്റുകളുള്ള ഗുജറാത്തില്‍ കേവലഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. അതേസമയം, ഹിമാചല്‍ പ്രദേശില്‍ ബിജെപി തുടക്കം മുതലേ ലീഡ് ചെയ്യുകയാണ്. അവിടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകളും പിന്നിട്ട് ബിജെപി മുന്‍തൂക്കം നേടിക്കഴിഞ്ഞു.

തുടക്കത്തില്‍ മുന്നിലായിരുന്ന ബിജെപി ആ ലീഡ് കൈവിടാതെയാണ് മുന്നേറുന്നത്. ഇവിടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചും ഗുജറാത്ത് സ്വദേശി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചും ഏറെ സുപ്രധാനമാണ് ഈ തിരഞ്ഞെടുപ്പ് ഫലം.