പ്രവാസികള്‍ക്ക് നാട്ടില്‍ വോട്ടു ചെയ്യുന്നതിനായി സര്‍ക്കാര്‍ പ്രവാസി വോട്ടവകാശ ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

single-img
17 December 2017

ന്യൂ ഡല്‍ഹി: രാജ്യത്തെ പ്രവാസികള്‍ക്ക് തങ്ങളുടെ വോട്ടവകാശം പകരക്കാരനെ ചുമതലപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള പ്രവാസി വോട്ടവകാശ ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വോട്ടവകാശം നല്‍കാന്‍ കഴിയുന്ന രീതിയിലാകും ‘പ്രോക്സി വോട്ട്’ (മുക്ത്യാര്‍ വോട്ട്) അവതരിപ്പിക്കുക.

സൈന്യത്തിലും അര്‍ധ-സൈനിക വിഭാഗങ്ങളിലും ജോലിചെയ്യുന്നവര്‍ക്കുള്ള ‘പ്രോക്സി വോട്ടി’ല്‍ നിന്ന് വ്യത്യസ്തമായാണ് പ്രവാസികളുടെ പ്രോക്സി വോട്ട്. സൈനികര്‍ക്ക് തങ്ങളുടെ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരായ പ്രായപൂര്‍ത്തിയായ ആരെവേണമെങ്കിലും മുക്ത്യാര്‍ ആയി നിയമിക്കാവുന്നതാണ്. ഒരാളെ നിയമിച്ചാല്‍ അത് സര്‍വീസ്‌ കാലത്തേക്ക് മുഴുവന്‍ ബാധകമായിരിക്കും. അതൃപ്തിയുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റുകയും ചെയ്യാവുന്ന തരത്തിലാണ് സൈനികരുടെ വോട്ടവകാശം.

എന്നാല്‍ പ്രവാസികള്‍ക്ക് തങ്ങളുടെ മുക്ത്യാറെ ഓരോ തെരഞ്ഞെടുപ്പിലും ചുമതലപ്പെടത്തേണ്ട രീതിയിലാണ് ബില്ല് തയ്യാറാക്കുന്നത്. ഇതിനുവേണ്ടി ചില വ്യവസ്ഥകള്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ ഭേദഗതി ബില്ലില്‍ ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഓരോ തെരഞ്ഞെടുപ്പിനും നിശ്ചിതദിവസത്തിനുമുന്‍പ് പ്രവാസി മുക്ത്യാറെ ചുമതലപ്പെടുത്തണം.

പ്രവാസികളുടെ മുക്ത്യാര്‍ം തങ്ങളുടെ പേരും ഒപ്പും നോട്ടറി അല്ലെങ്കില്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുഖേന സാക്ഷ്യപ്പെടുത്തുകയും വേണം. പ്രവാസി നേരത്തേ സമര്‍പ്പിക്കുന്ന സാക്ഷ്യപത്രത്തിലെ മുക്ത്യാറുടെ വിവരങ്ങളും മുക്ത്യാര്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലവും ഒത്തുനോക്കിയായിരിക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുക.