ഗോവയില്‍ ലൈംഗികത്തൊഴിലാളികളെ ലഭിക്കാൻ ‘ആധാര്‍’ നിർബന്ധം

single-img
17 December 2017

പനാജി: ഗോവയില്‍ ലൈംഗികത്തൊഴിലാളികളെ ലഭിക്കാൻ ആധാര്‍ നിർബന്ധമാക്കി ഇടനിലക്കാര്‍. ഗോവയിലെ പനാജിയില്‍ സുഹൃത്തിന്റെ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷത്തിനെത്തിയ ഡല്‍ഹിയില്‍ നിന്നുള്ള അഞ്ചംഗ പുരുഷ സംഘത്തോടാണ് ലൈംഗികത്തൊഴിലാളികളുടെ ഇടനിലക്കാര്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

വടക്കന്‍ ഗോവാതീരത്തെ ഹോട്ടല്‍ ബുക്ക് ചെയ്ത ശേഷം അഞ്ച് സ്ത്രീകളെ ആവശ്യപ്പെട്ട് ഇവര്‍ ഇടനിലക്കാരില്‍ ഒരാളെ വിളിച്ചു. തുടര്‍ന്ന് ഇയാള്‍ അഞ്ചുപേരുടെയും മൊബൈല്‍ നമ്പറുകള്‍ ശരിയാണോ എന്ന് പരിശോധിക്കുകയും ഇവര്‍ ഡല്‍ഹിയില്‍ നിന്നാണ് എന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് അഞ്ചുപേരോടും ആധാറിന്റെ ഫോട്ടോ എടുത്ത് വാട്ട്‌സ് ആപ്പിലൂടെ അയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഹോട്ടല്‍ മുറിയുടെ താക്കോലിന്റെ ചിത്രവും അയക്കാന്‍ ആവശ്യപ്പെട്ടുവെന്ന് യുവാക്കള്‍ പറയുന്നു.

അതേസമയം ഗോവയില്‍ ലൈംഗികവ്യാപാരം ഇല്ലാതാക്കാനുള്ള ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. അതിനാല്‍ പോലീസിന്റെ പിടിയില്‍ അകപ്പെടാതിരിക്കാനാണ് ഇടനിലക്കാര്‍ ആധാറിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നതെന്നാണ് വിവരം.

വിളിക്കുന്നത് പോലീസ് അല്ലെന്ന് ഉറപ്പുവരുത്താന്‍ ഇത് ഇടനിലക്കാരെ സഹായിക്കുകയും ചെയ്യും. പലപ്പോഴും സ്ത്രീകളെ ആവശ്യപ്പെട്ടു വരുന്ന വിനോദസഞ്ചാരികളെ ഇടനിലക്കാര്‍ കബളിപ്പിക്കാറുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.