നരേന്ദ്ര മോദിയെ പുകഴ്ത്തിയും രാഹുലിനെ ഇകഴ്ത്തിയും ടൈംസ് ഓഫ് ഇന്ത്യ സര്‍വ്വേ

single-img
16 December 2017

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജനപ്രിയനായ നേതാവ് മോദി തന്നെയെന്ന് സര്‍വേ ഫലം. ടൈംസ് ഗ്രൂപ്പ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയെത്തന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ദിവസം തന്നെ നരേന്ദ്ര മോദിയെ പുകഴ്ത്തിയും രാഹുലിനെ ഇകഴ്ത്തിയും ടൈംസ് ഓഫ് ഇന്ത്യ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തു വിട്ടതില്‍ രാഷ്ട്രീയമുണ്ടെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ടൈംസ് ഗ്രൂപ്പിന്റെ ഒമ്പത് ഭാഷകളിലെ മാധ്യമ വിഭാഗങ്ങള്‍ നടത്തിയ സര്‍വേയിലാണ് 79 ശതമാനം പേരും മോദിക്കു തന്നെ വോട്ട് രേഖപ്പെടുത്തുമെന്ന് വ്യക്തമാക്കിയത്. മോദി നയിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് 2019ലെ തെരഞ്ഞെടുപ്പിലും തുടരേണ്ടതെന്ന അഭിപ്രായമാണ് ഇവര്‍ രേഖപ്പെടുത്തിയത്.

മോദിയുമായി മത്സരിച്ചാല്‍ രാഹുലിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞത് 20 ശതമാനം മാത്രമായിരുന്നു. സമ്മതിദായകരുമായി രാഹുല്‍ പുതിയ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നത് 34 ശതമാനം പേരാണ്. സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം പേരും രാഹുല്‍ ഗാന്ധി എന്ന നേതാവില്‍ തൃപ്തരല്ലെന്നും സര്‍വേ പറയുന്നു.

രാഹുല്‍ ഗാന്ധി അധ്യക്ഷനായാലും ബിജെപിക്ക് പകരം നില്‍ക്കാന്‍ കഴിയുന്ന പാര്‍ട്ടിയായി 73 ശതമാനം പേരും കോണ്‍ഗ്രസിനെ കാണുന്നില്ല. ഗാന്ധി കുടുംബത്തില്‍ പെടാത്ത ഒരാള്‍ നേതാവായി വന്നാല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്ന് 38 ശതമാനം പേര്‍ പറയുമ്പോള്‍ ഗാന്ധി കുടുംബത്തിനു പുറത്തുനിന്നൊരാള്‍ നേതാവായാല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് 37 ശതമാനം പേരും പറയുന്നതായി സര്‍വേ വ്യക്തമാക്കുന്നു.

നരേന്ദ്ര മോദിയല്ല പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവര്‍ 31 ശതമാനമാണ്. എന്നാല്‍ മോദിയില്ലെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നവര്‍ 48 ശതമാനമുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.