മോദിയേയും ബിജെപിയേയും ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധിയുടെ കന്നിപ്രസംഗം: വികാരനിര്‍ഭരമായ വിടവാങ്ങള്‍ പ്രസംഗം നടത്തി സോണിയ

single-img
16 December 2017

ന്യൂഡല്‍ഹി: ജനങ്ങളെ നിശ്ശബ്ദരാക്കാനും ജനാധിപത്യത്തെ ഇല്ലാതാക്കാനും ആരെയും അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഇന്ത്യയെ പിന്നോട്ടടിക്കുകയാണ്. അധികാരം ഉപയോഗിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണെന്നും പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷം നടത്തിയ ആദ്യപ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു.

ഹിന്ദിയിലും ഇംഗ്ലീഷിലുമായി നടത്തിയ പ്രസംഗത്തിലുടനീളം ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. ജനങ്ങളാണ് രാഷ്ട്രീയത്തിന്റെ ആണിക്കല്ല്. എന്നാല്‍ ഇപ്പോള്‍ ജനങ്ങളെ ഞെരിച്ചമര്‍ത്താനാണ് അധികാരം കൈയാളുന്നവര്‍ രാഷ്ട്രീയം ഉപയോഗിക്കുന്നത്.

രാഷ്ട്രീയത്തെ സംബന്ധിച്ച് ധാരാളം ആളുകള്‍ക്കു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് ഇന്ത്യയെ 21ാം നൂറ്റാണ്ടിലേക്കു നയിച്ചു. എന്നാല്‍ നിലവിലെ പ്രധാനമന്ത്രി ഇന്ത്യയെ മധ്യകാല ഇന്ത്യയിലേക്കു തിരിച്ചുകൊണ്ടുപോകുകയാണ്- രാഹുല്‍ പറഞ്ഞു. തീ കൊളുത്തിക്കഴിഞ്ഞാല്‍ അത് അണയ്ക്കാന്‍ എളുപ്പമല്ല എന്നാണ് നമുക്കു ബിജെപിയോടു പറയാനുള്ളത്.

ബിജെപി രാജ്യത്തുടനീളം അക്രമത്തിന്റെ തീ കൊളുത്തിക്കഴിഞ്ഞു. ബിജെപിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ കഴിയുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും മാത്രമാണെന്നും രാഹുല്‍ വ്യക്തമാക്കി. വെറുപ്പിന്റെ വിത്ത് വിതച്ച് നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ കരുതിയിരിക്കണം.

വിദ്വേഷ രാഷ്ട്രീയം പ്രയോഗിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് ബി.ജെ.പി മോഹിക്കരുത്. ഇതുകൊണ്ടെന്നും തകരുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. ബി.ജെ.പിയിലുള്ളവരേയും സഹോദരങ്ങളായാണ് ഞങ്ങള്‍ കാണുന്നത്. എന്നാല്‍, അവരുടെ ആശയത്തോട് യോജിപ്പില്ല.

എതിര്‍ ശബ്ദങ്ങളെ ചവിട്ടയരയ്ക്കുന്ന കാഴ്ചയാണ് ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ കാണുന്നത്. കോണ്‍ഗ്രസാകട്ടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അവസരം നല്‍കുകയാണ് ചെയ്യുന്നത്. ബി.ജെ.പി മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ് ഏവരേയും ബഹുമാനിക്കുകയാണ് ചെയ്യുന്നത്. എല്ലാ തലമുറകളുടേയും പാര്‍ട്ടിയാക്കി മാറ്റുമെന്നും ഞാന്‍ വാക്ക് തരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം 19 വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സോണിയ ഗാന്ധി വികാരനിര്‍ഭരമായ വിടവാങ്ങള്‍ പ്രസംഗമാണ് നടത്തിയത്. പുതിയ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന രാഹുലിന് എല്ലാ ഭാവുകങ്ങളും അനുഗ്രഹവും അര്‍പ്പിച്ചുകൊണ്ടാണ് സോണിയ ആരംഭിച്ചത്. സോണിയക്കും രാഹുലിനും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പടക്കം പൊട്ടിക്കല്‍ കുറച്ചുനേരത്തേക്ക് പ്രസംഗം തടസ്സപ്പെടുത്തിയെങ്കിലും പിന്നീട് അവര്‍ തുടര്‍ന്നു.

കോണ്‍ഗ്രസില്‍ പുതിയ കാലത്തിന്റെ തുടക്കമെന്ന് സോണിയ ഗാന്ധി പറഞ്ഞു. രാഹുല്‍ ആത്മാര്‍പ്പണത്തോടെ ചുമതല നിര്‍വഹിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ചെറുപ്പം മുതലുളള അനുഭവങ്ങളും ആക്രമണങ്ങളും രാഹുലിനെ ശക്തനാക്കി.
പ്രതിസന്ധികളില്‍ കോണ്‍ഗ്രസ് തളര്‍ന്നിട്ടില്ലെന്നും സോണിയ പറഞ്ഞു. ഭരണഘടന ഇന്ന് വലിയ ഭീഷണി നരിടുന്നു. ഭയത്തിന്റെ അന്തരീക്ഷം രാജ്യമെങ്ങും ഉണ്ടെന്നും മോദി സര്‍ക്കാരിനെ ഉന്നമിട്ട് സോണിയ പറഞ്ഞു.