വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് പ്രധാനമന്ത്രി

single-img
16 December 2017

വികസനത്തിന്റെ ഫലം എല്ലാവരിലും എത്തുമ്പോള്‍ മാത്രമേ പുതിയ ഇന്ത്യ എന്ന ലക്ഷ്യം സാധ്യമാവുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിസോറാമിലെ തുയിരിയാല്‍ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

അറുപത് മെഗാവാട്ട് ശേഷിയുള്ള പദ്ധതിയാണ് ഇത്. തുയിരിയാല്‍ നദിയിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്. മിസോറാമിലെ ഏറ്റവും വലിയ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണിതെന്നും സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

2014 ബിജെപി സര്‍ക്കാര്‍ അധികാരമേറ്റയുടനെ, കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍ 15 ദിവസത്തിനുള്ളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരിക്കണമെന്ന് താന്‍ നിര്‍ദ്ദേശം നല്‍കിയ കാര്യം മോദി അനുസ്മരിച്ചു. രാവിലെ ഇവിടെ വന്ന് വൈകീട്ട് ഡല്‍ഹിക്കു മടങ്ങുന്നതുപോലെ ആകരുത് സന്ദര്‍ശനമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.

അവര്‍ ഇവിടെ വരികയും ജനങ്ങളുമൊത്ത് സമയം ചെലവഴിക്കുകയും പറയാനുള്ളത് കേള്‍ക്കുകയും ചെയ്തതായി മോദി ചൂണ്ടിക്കാട്ടി. വിവിധ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായി ഏതാണ്ട് 4,000 കിലോമീറ്ററോളം ദൂരത്തില്‍ ദേശീയ പാത അനുവദിച്ചതായും മോദി അറിയിച്ചു.

ഇതിനായി 32,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനു പുറമെ പുതിയ 15 റെയില്‍വേ ലൈനുകളും അനുവദിച്ചു. ഇതിനെല്ലാം കൂടി 14,000 കിലോമീറ്റര്‍ നീളം വരും. 47,000 കോടിയോളം മുതല്‍മുടക്കുന്ന ഈ പദ്ധതിയും സംസ്ഥാനത്തിന്റെ വികസനത്തിന് സഹായകമാകും.

മൊറാര്‍ജി ദേശായിക്കു ശേഷം വടക്കുകിഴക്കന്‍ സംസ്ഥാന കൗണ്‍സിലില്‍ പങ്കെടുത്ത ഏക പ്രധാനമന്ത്രി താനാണെന്നും മോദി അവകാശപ്പെട്ടു. 2016ല്‍ താന്‍ ഇവിടെ വന്നപ്പോള്‍, മേഘാലയയുടെ വിനോദസഞ്ചാര വികസനം ഉറപ്പുനല്‍കിയിരുന്ന കാര്യം മോദി അനുസ്മരിച്ചു. മേഘാലയയെ രാജ്യത്തെ ഒന്നാം നമ്പര്‍ വിനോദസഞ്ചാര കേന്ദ്രമാക്കി വളര്‍ത്തുമെന്നും മോദി പ്രഖ്യാപിച്ചു. ഇതിനായി 100 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നതെന്നും മോദി വ്യക്തമാക്കി.