‘അഞ്ച് മാസത്തിനിടെ 80000 കോടി രൂപ ബി.ജെ.പി ഡൊണേഷനായി പിരിച്ചെടുത്തു: മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ അഴിമതി പെരുകി’

single-img
16 December 2017

നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. കഴിഞ്ഞ മൂന്നുവര്‍ഷത്തെ എന്‍.ഡി.എ. ഭരണത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലെത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ അഞ്ചുമാസത്തിനിടെ എണ്‍പതിനായിരം കോടിയോളം രൂപ ബി.ജെ.പി.യുടെ ഖജനാവിലേക്ക് സംഭാവനയായി എത്തി. ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഫോര്‍ബ്‌സ് മാസിക നടത്തിയ സര്‍വേ ഉദ്ധരിച്ചാണ് ഹസാരെ അസമിലെ ഗുവാഹാട്ടിയില്‍ വച്ച് ഇക്കാര്യം പറഞ്ഞത്.

മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാര്‍ ലോക്പാല്‍ ദുര്‍ബലപ്പെടുത്തി. തുടര്‍ന്നു വന്ന എന്‍.ഡി.എ. സര്‍ക്കാര്‍ കൂടുതല്‍ ദുര്‍ബലപ്പെടുത്തി. കഴിഞ്ഞ മൂന്നുവര്‍ഷം ഞാന്‍ നിശബ്ദനായിരുന്നു. പക്ഷേ, ഇപ്പോള്‍ അവര്‍ക്കെതിരേ സംസാരിക്കാനുള്ള സമയം വന്നിരിക്കുന്നു.

ജന്‍ ലോക്പാലിനും കര്‍ഷകര്‍ക്കും വേണ്ടി മറ്റൊരു ശക്തമായ മുന്നേറ്റം ഞാന്‍ ആരംഭിക്കാന്‍ പോകുന്നു.’ അദ്ദേഹം വ്യക്തമാക്കി.’പൊതുജനങ്ങള്‍ ഇപ്പോഴും പ്രശ്‌നങ്ങളില്‍ക്കിടന്ന് ഉഴലുകയാണ്. രാജ്യത്തെ കര്‍ഷകര്‍ യാതനകള്‍ അനുഭവിക്കുന്നു.

കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കുന്നുണ്ടെങ്കിലും, അവര്‍ക്ക് തോന്നിയ പലിശയാണ് ചുമത്തുന്നത്. റിസര്‍വ് ബാങ്ക് കര്‍ഷകര്‍ക്കായി നിശ്ചിത പലിശനിരക്ക് തീരുമാനിക്കണം. വിളകള്‍ക്ക് യതാര്‍ത്ഥവില ലഭിക്കാത്തതിനാല്‍ വായ്പ തിരിച്ചടക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കാതെ വരുന്നു.

തുടര്‍ന്ന് അവര്‍ ആത്മഹത്യ ചെയ്യുന്നു’, അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്ക് താന്‍ മൂന്നുവര്‍ഷത്തിനിടയില്‍ 32 കത്തുകള്‍ അയച്ചെന്നും എന്നാല്‍ ഒരു മറുപടിപോലും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താന്‍ എല്ലായിടത്തും പോയി ജനങ്ങളോട് സംസാരിക്കുമെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.