കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കെഎം മാണി; എല്‍ഡിഎഫിന് വേണ്ടെന്ന് കാനം

single-img
16 December 2017

കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കെ എം മാണി. ഇതിനാവശ്യമായ ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നും കോട്ടയത്തു നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ മാണി പറഞ്ഞു. ഇതിനു മുന്നോടിയായുള്ള കാര്‍ഷിക ബദല്‍ രേഖ സമ്മേളനത്തില്‍ മാണി അവതരിപ്പിച്ചു.

എല്ലാ മുന്നണികള്‍ക്കും കേരളാ കോണ്‍ഗ്രസിനോട് പ്രിയമാണ്. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. എന്നാല്‍ മുന്നണി പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് പി ജെ ജോസഫ് പ്രതിനിധി സമ്മേളനത്തിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

അതേസമയം കെഎം മാണിയുടെ എല്‍ഡിഎഫ് പ്രവേശനനീക്കത്തില്‍ അപകടമുണ്ടെന്ന് സംശയിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടത് ആശയങ്ങളുമായി യോജിക്കുന്നവരെ മാത്രമാണ് മുന്നണിക്ക് ആവശ്യം. മാണിയെ വെള്ളപൂശികൊണ്ടുവരുന്ന കാര്യം ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ല.

ഇടതുമുന്നിണിയില്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ മാണി വേണ്ടെന്നാണ് അഭിപ്രായമെന്നും അദ്ദേഹം തുറന്നടിച്ചു. മാണിയുടെ അഴിമതിക്കെതിരെ നടത്തിയ പ്രസംഗങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

നേരത്തെ കേരള കോണ്‍ഗ്രസ്–എമ്മിനെ എല്‍ഡിഎഫിലെടുക്കാനുള്ള സിപിഎം സംസ്ഥാന ഘടകത്തിന്റെ നീക്കത്തിനു കേന്ദ്ര നേതൃത്വം തടസ്സം പറഞ്ഞതായി സൂചനയുണ്ടായിരുന്നു. ശരദ് യാദവും എച്ച്.ഡി.ദേവെഗൗഡയും തമ്മിലുള്ള ചര്‍ച്ചയുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ജനതാദള്‍–യു വീരേന്ദ്രകുമാര്‍ ഘടകത്തെ മുന്നണിയിലേക്കു പരിഗണിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

മാണിയെ മുന്നണിയിലെടുക്കണമെങ്കില്‍ ആദ്യം എല്‍ഡിഎഫിനെ വിശ്വാസത്തിലെടുക്കണമെന്നാണു സെക്രട്ടേറിയറ്റില്‍ വ്യക്തമാക്കപ്പെട്ടത്. അതായത്, സിപിഐയെ പിന്നിലേക്കു തള്ളുന്ന തരത്തിലുള്ള നടപടികള്‍ പാടില്ല. അതു ദേശീയതലത്തിലും ഇടത് ഐക്യത്തെ ബാധിക്കും.

മാത്രമല്ല, മാണി വരുമ്പോള്‍ പി.ജെ.ജോസഫും പറ്റുമെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസും ഒപ്പമുണ്ടാകുന്നതാണ് ഏറെ സ്വീകാര്യമെന്നു സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ജോസഫ് പോലും ഒപ്പമുണ്ടാകുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണുള്ളത്.

പരസ്യമായി ക്ഷണിച്ചാല്‍ വരാമെന്നൊക്കെ മാണി സൂചിപ്പിക്കുന്നതു വിലപേശലാണോയെന്ന സംശയവും സിപിഎമ്മിലെ ചില നേതാക്കള്‍ക്കുണ്ട്. മാണിക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടു മുന്നണിയില്‍ ഉള്‍പ്പെടുത്തിയാല്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ എങ്ങനെ ന്യായീകരിക്കുമെന്ന ആശങ്കയുമുണ്ട്.