അവിഹിത ബന്ധത്തെക്കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞു: ആറു വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു

single-img
15 December 2017

ന്യൂഡല്‍ഹി: ആറു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. അമ്മയുടെ അവിഹിത ബന്ധത്തെക്കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതിനാണ് അമ്മ കാമുകനുമായി ചേര്‍ന്ന് സ്വന്തം മകളോട് കൊടും ക്രൂരത കാട്ടിയത്.

അച്ഛന്‍ വീട്ടിലില്ലാത്തപ്പോള്‍ അമ്മയെയും കാമുകനെയും പ്രത്യേക സാഹചര്യത്തില്‍ കുട്ടി കണ്ടതാണ് പ്രശ്‌നമായത്. ഇതേകുറിച്ച് അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ ഇവര്‍ കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു.

കാമുകനാണ് കഴുത്തറുത്തത്. അമ്മ ഇരുകൈകളും പിടിച്ച് വെക്കുകയും ചെയ്തു. ഗാസിയാപുരില്‍ നഗരത്തില്‍ കൈവണ്ടി വലിക്കുന്ന ജോലിക്ക് പോകുന്ന യുവതിയുടെ ഭര്‍ത്താവ് ബുധനാഴ്ച വൈകുന്നേരം മദ്യപിക്കാന്‍ പുറത്തുപോയ സമയത്താണ് സംഭവം.

കേസുമായി ബന്ധപ്പെട്ട് 29 കാരിയായ അമ്മയെയും 23 കാരനായ കാമുകന്‍ സുധീറിനെയും പോലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ കുട്ടിയെ കൊലപ്പെടുത്തിയ കാര്യം ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപ്പെട്ട ആറ് വയസ്സുകാരിക്ക് പുറമെ നാലും, രണ്ടും വയസ്സുള്ള മറ്റ് രണ്ട് മക്കള്‍ കൂടി ഇവര്‍ക്കുണ്ട്.