അമ്പതിലേറെ ടീമുകള്‍ മാറ്റുരയ്ക്കാന്‍ എത്തും: ഒന്നരപ്പതിറ്റാണ്ടിനുശേഷം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട്ട്

single-img
14 December 2017

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് വീണ്ടും വേദിയാകുന്നു. അമ്പതിലേറെ ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 18 മുതല്‍ 25 വരെയാണ് കോഴിക്കോട്ട് നടക്കുക. ഇതിനുമുമ്പ് 2001ലാണ് കോഴിക്കോട് ദേശീയ ചാമ്പ്യന്‍ഷിപ്പിന് വേദിയായത്.

നേരത്തെ ഹൈദരാബാദിലാണ് ചാമ്പ്യന്‍ഷിപ്പ് നടത്താനിരുന്നത്. എന്നാല്‍ സംസ്ഥാന ഫെഡറേഷനിലെ പ്രശ്‌നങ്ങള്‍ ഹൈദരാബാദിന് ചാമ്പ്യന്‍ഷിപ്പ് നഷ്ടമാക്കി. തുടര്‍ന്ന് മത്സരം ഏറ്റെടുക്കാന്‍ കേരളാ അസോസിയേഷന്‍ മുന്നോട്ടുവരികയായിരുന്നു.

കേരളത്തില്‍ 2015ല്‍ നടന്ന ദേശീയഗെയിംസിലെ വോളിബോളും കോഴിക്കോട്ടാണ് നടന്നത്. മത്സരങ്ങള്‍ വന്‍വിജയമായത് ദേശീയ ചാമ്പ്യന്‍ഷിപ്പ് കോഴിക്കോടിന് അനുവദിക്കാന്‍ കാരണമായി. ദേശീയഗെയിംസ് നടന്ന ഇന്‍ഡോര്‍ സ്റ്റേഡിയമാവും മുഖ്യവേദി.

2001ലെ ചാമ്പ്യന്‍ഷിപ്പില്‍ കേരളമായിരുന്നു പുരുഷ ചാമ്പ്യന്മാര്‍. നിലവിലെ പുരുഷവിഭാഗം ചാമ്പ്യന്മാരും വനിതാവിഭാഗം രണ്ടാംസ്ഥാനക്കാരും കേരളമാണ്. ആതിഥേയരെന്നനിലയില്‍ ആരാധകപിന്തുണയോടെ കിരീടം നിലനിര്‍ത്താനുള്ള അവസരമാണ് കേരളത്തിനുള്ളത്.

ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്റ്റില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിസിനുള്ള ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന് ദേശീയ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനവും പരിഗണിക്കും. അതുകൊണ്ടുതന്നെ പുരുഷവനിതാ വിഭാഗങ്ങളിലായി മൊത്തം അമ്പതിലേറെ ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ക്ക് ആവേശം വര്‍ധിക്കും.