ഭര്‍ത്താവിനെ കൊന്ന് കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് ആള്‍മാറാട്ടം നടത്തിയ സംഭവം: യുവതിയുടെ തന്ത്രം പൊളിച്ചത് ‘മട്ടന്‍സൂപ്പ്’

single-img
13 December 2017

തെലങ്കാനയില്‍ ഭര്‍ത്താവിനെ കൊന്ന് കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് ആള്‍മാറാട്ടം നടത്തിയ യുവതിയുടെ പദ്ധതി പൊളിച്ചടുക്കിയത് മട്ടന്‍സൂപ്പെന്ന് തെലങ്കാന പൊലീസ്. ഭര്‍ത്താവിനെ കൊന്നു കുഴിച്ച് മൂടിയതു മുതല്‍ തന്ത്രപൂര്‍വം ആസൂത്രണം ചെയ്ത യുവതിയുടെ പദ്ധതികളാണ് അവസാനഘട്ടത്തില്‍ മട്ടന്‍സൂപ്പില്‍ പാളിപോയത്.

27വയസുകാരിയായ സ്വാതി നാഗര്‍കുര്‍ണൂല്‍ ടൗണിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ആണ്. മൂന്ന് വര്‍ഷം മുന്‍പ് സുധാകര്‍ റെഡ്ഢിയെ വിവാഹം ചെയ്ത സ്വാതിക്ക് രണ്ടു മക്കളുണ്ട്. ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റായ രാജേഷുമായി പ്രണയത്തിലായ സ്വാതി ഭര്‍ത്താവിനെ കൊന്ന് സ്വത്ത് കൈക്കലാക്കാന്‍ കാമുകനുമായി ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു.

അനസ്‌തേഷ്യ നല്‍കി അബോധാവസ്ഥയിലാക്കി തലക്കടിച്ച് കൊന്ന ശേഷം സ്വാതിയും കാമുകന്‍ രാജേഷും ചേര്‍ന്ന് മൃതദേഹം കാട്ടില്‍ കൊണ്ടുപോയി കുഴിച്ചിട്ടു. പിന്നീട് ഭര്‍ത്താവിന്റെ മുഖത്ത് അജ്ഞാതനായ ഒരാള്‍ ആസിഡ് ഒഴിച്ചെന്ന് ബന്ധുക്കളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ഭേദമാക്കി ഭര്‍ത്താവെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി ജീവിക്കുകയായിരുന്നു ഇരുവരുടെയും ഉദ്ദേശം. നവംബര്‍ 27നാണ് കൊലപാതകം നടന്നത്. കുറേ നാള്‍ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നും മറച്ചുപിടിക്കുന്നതില്‍ ഇവര്‍ വിജയിക്കുകയും ചെയ്തു.

എന്നാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രാജേഷ്, സുധാകര്‍ റെഡ്ഢിയായി അഭിനയിച്ച് വരവെയാണ് വില്ലനായി മട്ടന്‍ സൂപ്പെത്തിയത്. പൊളളലേറ്റവര്‍ക്ക് ആശുപത്രിയില്‍ സ്ഥിരമായി നല്‍കിവരുന്ന മട്ടന്‍സൂപ്പ് കഴിക്കാന്‍ രാജേഷ് തയാറായില്ല.

താനൊരു സസ്യാഹാരിയാണെന്ന് ആശുപത്രി ജീവനക്കാരോട് രാജേഷ് പറഞ്ഞു. അതേസമയം റെഡ്ഡിയാണെന്ന് കരുതി ബന്ധുക്കള്‍ രാജേഷിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴാണ് താന്‍ സസ്യഭുക്കാണെന്ന് പറഞ്ഞ് മട്ടണ്‍സൂപ്പ് കുടിക്കാന്‍ വിസമ്മതിക്കുന്ന രാജേഷിനെ ശ്രദ്ധിച്ചത്.

റെഡ്ഡി മാംസഭുക്കാണെന്ന് അറിയാവുന്ന ബന്ധുക്കള്‍ രാജേഷിന്റെ പെരുമാറ്റം നിരീക്ഷിച്ചതോടെ റെഡ്ഡിയല്ലെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ചില ബന്ധുക്കളെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംസാരശേഷി നഷ്ടപ്പെട്ടതായി അഭനയിക്കുകയായിരുന്നു രാജേഷ്.

ഇതോടെ ബന്ധുക്കളുടെ സംശയം ബലപ്പെടുകയും അവര്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വാതി കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്നതാണെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു.

2014ല്‍ പുറത്തിറങ്ങിയ തെലുങ്ക് സിനിമയെ അനുകരിച്ചാണ് കൊല നടത്തിയതെന്നും യുവതി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പേലീസ് സ്വാതിയെ അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രി വിട്ടാല്‍ ഉടന്‍ രാജേഷിനെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.