‘വിനു കുറച്ചൂടെ മാന്യമായ ഭാഷ ഉപയോഗിക്കണം; വിനു ആങ്കറായിട്ടാണ് ചര്‍ച്ച ചെയ്യുന്നത്’; ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ നിന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ ഇറങ്ങി പോയി

single-img
13 December 2017

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വീശും മുമ്പ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന വിവാദങ്ങള്‍ക്ക് പിന്നാലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും, മറ്റു സംസ്ഥാനങ്ങളില്‍ പെട്ടുപോയ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായമെത്തിക്കുന്നതിലും സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന ആക്ഷേപങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.

ചൊവ്വാഴ്ച ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളാണ് സര്‍ക്കാരില്‍ നിന്നും സഹായമെത്താന്‍ വൈകിയെന്ന് ആരോപണവുമായി രംഗത്തെത്തിയത്. തീരമണഞ്ഞവരോടും ക്രൂരതയോ, വാഗ്ദാനങ്ങള്‍ ലംഘിക്കുന്നുവോ, മല്‍സ്യത്തൊഴിലാളികളോട് അവഗണനയോ എന്ന വിഷയത്തിലായിരുന്നു വിനു.വി.ജോണ്‍ അവതാരകനായ ന്യൂസ് അവര്‍ ചര്‍ച്ച.

ചര്‍ച്ചക്കിടയില്‍ ജ്ഞാനപ്പന്‍, പാട്രിക് എന്നീ മത്സ്യത്തൊഴിലാളികളാണ് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ പെട്ടുപോയ തങ്ങള്‍ക്ക് സഹായമെത്തിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചത്. ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, ഭൗമ ശാസ്ത്രജ്ഞന്‍ കെ.സോമന്‍, വിവരാവകാശപ്രവര്‍ത്തകന്‍ ഡി.ബി.ബിനു, ടി.എന്‍. പ്രതാപന്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ അതിഥികള്‍. മഹാരാഷ്ട്ര രത്‌നപുരിയില്‍ എത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും അധികൃതര്‍ തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ ആരോപണം.

2500 രൂപയും 1000 ലിറ്റര്‍ ഡീസലും തരുമെന്നാണ് പ്രഖ്യാപനമുണ്ടായിരുന്നത്. എന്നാല്‍ കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ അറിയിച്ചത് 420 രൂപയും 600 ലിറ്റര്‍ ഡീസലും തരാമെന്നാണ്. രണ്ടുദിവസം കാത്തിരുന്നാല്‍ ബാക്കി പണം നല്‍കാമെന്നും പറഞ്ഞു. പക്ഷെ രണ്ടു ദിവസം കാത്തിരുന്നെങ്കിലും വാക്ക് പാലിച്ചില്ല.

കടലിലേക്കാള്‍ വലിയ ദുരനുഭവമാണ് കരയിലുണ്ടായതെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ആകെ കൈയില്‍ 420 രൂപയാണ് ഉണ്ടായിരുന്നത്. ഭക്ഷണം പോലും കഴിക്കാതെയാണ് ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങിയതെന്നും അവര്‍ പറഞ്ഞു. അതേസമയം കര്‍ണാടകക്കാര്‍ക്ക് 2000 രൂപയും, 1000 ലിറ്റര്‍ ഡീസലും, ബെഡ്ഷീറ്റും കൊടുത്തെന്നും ചര്‍ച്ചയില്‍ ജ്ഞാനപ്പനും പാട്രിക്കും പറഞ്ഞു.

എന്നാല്‍ അഞ്ചാം തീയതിയാണ് കേരളത്തില്‍ നിന്ന് അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഉദ്യോഗസ്ഥരെ വിട്ടത്. അവര്‍ കാര്‍വാറില്‍ നിന്ന് 17 ബോട്ടും 183 തൊഴിലാളികളെയും കണ്ടെത്തി. മാല്‍പ്പായില്‍ നിന്ന് 25 ബോട്ടും 55 തൊഴിലാളികളും. ഗോവ് 8 ബോട്ട് 62 ലക്ഷ്ദ്വീപ് 444 മഹാരാഷ്ട്ര 3 67 എന്നിങ്ങനെ ആകെ 117 ബോട്ടുകളും, 519 തൊഴിലാളികളെയും കണ്ടെത്തിയതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വിശദീകരിച്ചു.

ദുരന്ത നിവാരണ സമിതിയില്‍ നിന്ന് അതാത് സംസ്ഥാനങ്ങളില ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍ക്കാണ് തുക അയച്ചുകൊടുത്തത്. കമ്മീഷണറാണ് കളക്ടര്‍ വഴി പണം കൊടുക്കുന്നത്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പായതുകൊണ്ട് മല്‍സ്യഫേഡ് വഴിയാണ് 2.48 ലക്ഷം രൂപ എത്തിച്ചതെന്നും മഹാരാഷട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നെന്നും മന്ത്രി മറുപടി നല്‍കി.

രത്‌നഗിരി കളക്ടര്‍ അവധിയിലായിരുന്നതുകൊണ്ട് എഡിഎമ്മിനെയാണ് തുക നല്‍കാന്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍, തങ്ങള്‍ക്ക് ഉത്തരവ് കിട്ടിയില്ല എന്ന് പറഞ്ഞ് രത്‌നഗിരി എഡിഎം തുക നല്‍കാതിരിക്കുകയായിരുന്നെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

എന്നാല്‍ ഉദ്യോഗസ്ഥന്‍ വഴി അടിയന്തര സാഹചര്യങ്ങളില്‍ തുക കൈമാറാന്‍ എന്തുകൊണ്ടുകഴിയുന്നില്ലെന്ന വിനുവിന്റെ ചോദ്യത്തിന് വിനുവിന് നടപടിക്രമങ്ങള്‍ അറിയില്ല. ഉദ്യോഗസ്ഥന് പണം കൈമാറാന്‍ കഴിയുകയില്ല. ഗവണ്‍മൈന്റ് ടു ഗവണ്‍മൈന്റ് മാത്രമേ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനാവു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശനമായ നിര്‍ദ്ദേശങ്ങളുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.

അതേസമയം രത്‌നഗിരിയിലെ എഡിഎം ഈ വാശിയിങ്ങനെ തുടര്‍ന്നിരുന്നുവെങ്കില്‍ സര്‍ക്കാര്‍ എന്തു ചെയ്യുമായിരുന്നെന്ന് വിനു ചോദിച്ചു. ഇതിന് രത്‌നഗിരിയിലെ എഡിഎമിന് കൊടുക്കുകയേ മാര്‍ഗമുള്ളുവെന്നും ഇവരവിടെ രണ്ടുദിവസം കൂടി കാത്തിരുന്നെങ്കില്‍ അയാള്‍ പണം കൊടുക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ അവരിങ്ങനെ മുടന്തന്‍ ന്യായമാണ് ഉന്നയിച്ചിരുന്നതെങ്കില്‍ കേരള സര്‍ക്കാരിന് എങ്ങനെ ഇടപെടാന്‍ കഴിയുമായിരുന്നുവെന്ന വിനുവിന്റെ ചോദ്യം മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു. എന്തായിങ്ങനെ മുടന്തന്‍ ന്യായമന്ന അസംബന്ധം, വിനു ആങ്കറായിട്ടാണ് ചര്‍ച്ച ചെയ്യുന്നതെന്നും കുറച്ചൂടെ മാന്യമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്നമായിരുന്നു മന്ത്രിയുടെ മറുപടി.

രത്‌നഗിരിയിലെ എഡിഎം മുടന്തന്‍ ന്യായം പറഞ്ഞുവെന്ന് പറഞ്ഞാല്‍ ശ്രീമതി മേഴ്‌സിക്കുട്ടിയമ്മ ക്ഷോഭിക്കുന്നത് എന്തിനാണ്? ഞാന്‍ കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുകൊണ്ടാണ് രത്‌നഗിരിയിലെ എഡിഎം മുടന്തന്‍ ന്യായം പറഞ്ഞുവെന്ന് പറഞ്ഞതെന്നും വിനു വിശദീകരിച്ചെങ്കിലും അതൊന്നും മന്ത്രി കേള്‍ക്കാന്‍ തയ്യാറായില്ല. നിങ്ങളെങ്ങനെ അവര്‍ക്ക് കൊടുത്തു? തുടങ്ങിയ ചോദ്യങ്ങളല്ല ഇവിടെ വേണ്ടതെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞ് മാറുകയായിരുന്നു.

എന്നാല്‍ പാട്രിക്കിനും ജ്ഞാനപ്പനും പറ്റിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന വിനുവിന്റെ ചോദ്യത്തിന് ഉത്തരവാദിത്വമൊക്കെ നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാമെന്നായി മന്ത്രി. തുടര്‍ന്ന് പട്ടിണി കിടന്നുവെന്നുവെന്നാണ് അവര്‍ പറഞ്ഞത് വിനു പറഞ്ഞപ്പോള്‍ പട്ടിണി കിടന്നുവരേണ്ട കാര്യമില്ലെന്നും ഭക്ഷണമടക്കം എല്ലാ സൗകര്യവും മലയാളി അസോസിയേഷനും മഹാരാഷ്ട്ര സര്‍ക്കാരും കൊടുത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പാട്രിക്കും ജ്ഞാനപ്പനും കേരള സര്‍ക്കാരിനെ മോശമാക്കാനാണോ ഇവിടെ വന്ന് ഇതെല്ലാം മീഡിയയോട് പറയുന്നതെന്നും രണ്ടുപേരും രണ്ടുദിവസം കൂടി കാത്തിരുന്നെങ്കില്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ മന്ത്രി ഉത്തരവിട്ടുണ്ടാകാമെങ്കിലും തങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ വേണ്ടതൊന്നും എത്തിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കിയതോടെ മന്ത്രി ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു. താന്‍ വീട്ടിലിരുന്ന് ചര്‍ച്ച കണ്ടോളാമെന്നും പറഞ്ഞ് മന്ത്രി കാരണങ്ങള്‍ വ്യക്തമാക്കാതെ പിന്മാറിയെന്ന് വിനു.വി.ജോണ്‍ അറിയിച്ചു.